| Wednesday, 5th December 2018, 9:54 am

Video: മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത വേദിയില്‍ നാമജപവുമായി സ്ത്രീകള്‍; പ്രതിഷേധക്കാരെ കൂക്കിവിളിച്ച് ഇറക്കിവിട്ട് സദസിലുള്ള മറ്റ് സ്ത്രീകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത ചടങ്ങില്‍ നാമജപ പ്രതിഷേധവുമായി സ്ത്രീകള്‍. പ്രതിഷേധവുമായി എത്തിയ സ്ത്രീകളെ കൂക്കിവിളിച്ച് സദസ്സിലിരിക്കുന്ന സ്ത്രീകള്‍ മടക്കിയയച്ചു.

കാട്ടാക്കട വീരണകാവില്‍ മന്ത്രി എ.സി മൊയ്തീന്‍ പങ്കെടുത്ത ചടങ്ങിലാണ് സ്ത്രീകള്‍ നാമജപ പ്രതിഷേധവുമായെത്തിയത്. അഞ്ചോളം സ്ത്രീകളാണ് നാമജപ പ്രതിഷേധവുമായി വേദിയിലേക്ക് എത്തിയത്.


മന്ത്രി സംസാരിക്കാന്‍ ഒരുങ്ങവെ സ്വാമിയെ അയ്യപ്പോ എന്ന നാമജപ വിളികളോടെയാണ് യുവതികള്‍ വേദിയിലേയ്ക്ക് കയറിവന്നത്. “അവര്‍ പൊയ്‌ക്കോളും ആരോ നിര്‍ബന്ധിച്ചു പറഞ്ഞയപ്പിച്ചതാണ്” എന്ന് മന്ത്രി പറയുന്നുണ്ട്.

സദസ്സിലിരിക്കുന്ന സ്ത്രീകളെ നാമജപം ചൊല്ലാന്‍ ഈ അഞ്ചു സ്ത്രീകളും പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇവരെ കൂക്കിവിളിച്ചാണ് സദസ്സിലിരുന്ന മറ്റു സ്ത്രീകള്‍ എതിരേറ്റത്. സ്ത്രീകളുടെ കൂവലിലിനെ തുടര്‍ന്ന് നാമജപ പ്രതിഷേധവുമായെത്തിയവര്‍ മടങ്ങിപ്പോകുകയായിരുന്നു.

നേരത്തെ ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത കെയര്‍ ഹോം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അഞ്ചു സ്ത്രീകള്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധ സൂചന ഉണ്ടായിരുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷയിലാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയിരുന്നത്.


ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷ പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി ഉദ്ഘാടനത്തിനൊരുങ്ങവെയാണ് നേരത്തെ വേദിയില്‍ ഇരുപ്പുറപ്പിച്ച പ്രതിഷേധക്കാരായ സ്ത്രീകള്‍ ശരണം വിളിച്ച് പ്രതിഷേധിച്ചത്.

പ്രതിഷേധിച്ച അഞ്ചു സ്ത്രീകളേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. “എല്ലായിടത്തും നാമജപമാണല്ലോ പ്രതിഷേധങ്ങള്‍ ഒരുപാട് കണ്ടതാണ്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more