ന്യൂദല്‍ഹി: ഹോര്‍ലിക്‌സിനെ ഹെല്‍ത്ത് ഡ്രിങ്ക് വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. മാതൃ കമ്പനിയായ യൂണിലിവര്‍ ബൂസ്റ്റ്, ഹോര്‍ലിക്‌സ് എന്നീ ബ്രാന്‍ഡുകളെ റീബ്രാന്‍ഡ് ചെയ്യുകയും ഹോര്‍ലിക്‌സിനെ എച്ച്.ഡി വിഭാഗത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
തെറ്റായ ലേബലുകള്‍ നീക്കം ചെയ്യണമെന്ന് എഫ്.എസ്.എസ്.എ.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമപരമായി തെളിക്കപ്പെടാത്ത പക്ഷം ഡയറി അല്ലെങ്കില്‍ മാള്‍ട്ട് അധിഷ്ഠിത പാനീയങ്ങള്‍ എന്നിവയെ ‘ഹെല്‍ത്ത് ഡ്രിങ്ക്സ്’ അല്ലെങ്കില്‍ ‘എനര്‍ജി ഡ്രിങ്ക്സ്’ എന്നിങ്ങനെ തരംതിരിക്കാന്‍ പാടില്ലെന്നായിരുന്നു വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിനുപിന്നാലെയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ നീക്കം.
ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഉത്പ്പന്നങ്ങളെ, യൂണിലിവര്‍ ഇപ്പോള്‍ ‘ഫങ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ്’ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുകയാണ്.
കമ്പനിയുടെ ഏതാനും ഉത്പ്പന്നങ്ങളുടെ ലേബലുകള്‍ ഞങ്ങള്‍ എഫ്.എന്‍.ഡി എന്നാക്കി മാറ്റിയിട്ടുണ്ട്. ഈ ഉത്പ്പന്നങ്ങളെ എഫ്.എന്‍.ഡി എന്ന് വിളിക്കുന്നതാകും മികച്ച മാര്‍ഗം,’ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിതേഷ് തിവാരി പറഞ്ഞു.
ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്‌സ് വിഭാഗത്തില്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഉത്പ്പന്നങ്ങളിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് സംബന്ധിച്ച ആശങ്കകളാണ് നിര്‍ദേശത്തിന് കാരണമായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഫ്.എസ്.എസ്.എ.ഐ ആക്ട് 2006 പ്രകാരം ഹെല്‍ത്ത് ഡ്രിങ്ക് എന്നൊരു വിഭാഗമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ശിശുക്കള്‍ക്കായി ഉത്പാദിപ്പിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച് നെസ്ലെ അടുത്തിടെ വിവാദത്തിലായിരുന്നു. ഫ്രാന്‍സ്, യു.കെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയിലുള്ള സെറിലാക്ക് ഉത്പന്നങ്ങളില്‍ കമ്പനി പഞ്ചസാര ചേര്‍ക്കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇന്ത്യന്‍ വിപണിയിലുള്ള ഓരോ സെറിലാക്ക് വേരിയന്റിലും ശരാശരി 3 ഗ്രാം സപ്ലിമെന്ററി പഞ്ചസാര അടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ജര്‍മനി, ഫ്രാന്‍സ്, യു.കെ എന്നിവിടങ്ങളില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ സെറിലാക്ക് ആണ് കമ്പനി വിപണനം ചെയ്യുന്നത്.
വിവാദത്തെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചതായി അറിയിച്ചിരുന്നു. അന്വേഷണത്തില്‍ പിഴവുണ്ടെന്ന് കണ്ടെത്തിയാല്‍ കമ്പനിക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും റെഗുലേറ്ററി ബോഡി വ്യക്തമാക്കിയിരുന്നു.
Content Highlight: Hindustan Unilever dropped Horlicks from the health drink category