എഡിറ്ററുടെ പുറത്ത് പോക്ക് മോദിയുമായുള്ള ഹിന്ദുസ്ഥാന്‍ ടൈംസ് ഉടമയുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ
India
എഡിറ്ററുടെ പുറത്ത് പോക്ക് മോദിയുമായുള്ള ഹിന്ദുസ്ഥാന്‍ ടൈംസ് ഉടമയുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th September 2017, 12:25 pm

ന്യൂദല്‍ഹി: ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ സ്ഥാനത്തുനിന്നും ബോബി ഘോഷ് പുറത്തുപോകുന്ന കാര്യം സ്ഥാപനമേധാവി ശോഭന ഭര്‍ടിയ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ.

സെപ്റ്റംബര്‍ 11നാണ് ഘോഷ് രാജിവെച്ച കാര്യം അറിയിച്ച് ഭാര്‍ടിയ പ്രസ്താവനയിറക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ന്യൂയോര്‍ക്കിലേക്കു തിരിച്ചുപോകേണ്ടതിനാല്‍ അദ്ദേഹം രാജിവെക്കുന്നു എന്നായിരുന്നു ഭാര്‍ടിയ അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ഘോഷ് ഇതുവരെ യാതൊരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ല എന്നിരിക്കെയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഭാര്‍ടിയ ഘോഷ് രാജിവെച്ചെന്ന കാര്യം അറിയിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

ഘോഷ് എഡിറ്റര്‍ ആയിരിക്കെ സ്വീകരിച്ച എഡിറ്റോറിയല്‍ നയങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ക്കും കേന്ദ്രസര്‍ക്കാറിനും അതൃപ്തിയുണ്ടായിരുന്നെന്നും ഇതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചതെന്നുമാണ് സൂചന.


Also Read: 27 വര്‍ഷത്തിനിടെ കശ്മീരില്‍ കൊല്ലപ്പെട്ടത് 41000 പേര്‍: 2014നുശേഷം സംഘര്‍ഷം വര്‍ധിച്ചെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട്


ഹിന്ദുസ്ഥാന്‍ ടൈംസിലെ ഒരു പരിപാടിയില്‍ മോദിയെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഭര്‍ടിയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

എന്നാല്‍ ഈ യോഗത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് രാഷ്ട്രീയ വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടും ഘോഷ് സോഷ്യല്‍ മീഡിയകളില്‍ സ്വീകരിക്കുന്ന നിലപാടുകളും അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം ഇല്ലായെന്ന കാര്യവുമെല്ലാം മുതിര്‍ന്ന മന്ത്രിമാരുടെ രോഷത്തിന് കാരണമായെന്നാണ് ഉറവിടങ്ങളെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.