കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിഞ്ഞ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഇനി കേരളാ പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ്; ഏറ്റെടുത്ത് പിണറായി സര്‍ക്കാര്‍
Kerala News
കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിഞ്ഞ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഇനി കേരളാ പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ്; ഏറ്റെടുത്ത് പിണറായി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd January 2022, 7:35 pm

തിരുവനന്തപുരം: അടച്ചുപൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്, കേരളാ പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ് എന്ന പേരില്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍.

നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ 145 കോടി രൂപയുടെ റെസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിച്ച്, ടെണ്ടറില്‍ പങ്കെടുത്താണ് സര്‍ക്കാര്‍ ഈ സ്ഥാപനം ഏറ്റെടുത്തത്.

കേരളാ പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ് പൊതുമേഖലാ വ്യവസായ രംഗത്ത് പുതു ചരിത്രം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നഷ്ടത്തിലായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിഞ്ഞ സ്ഥാപനമായിരുന്നു ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്. ഇത് പുനഃസംഘടിപ്പിച്ചാണ് വെളളൂരില്‍ കെ.പി.പി.എല്‍ സ്ഥാപിച്ചത്. നൂറോളം തൊഴിലാളികള്‍ ആദ്യ ദിനത്തിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഒന്നാം ഘട്ടത്തിനായി 34.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. രണ്ടാം ഘട്ടത്തിന് 44.94 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

മൂന്നും നാലും ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 2700 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ഉല്‍പാദന ശേഷിയുമുള്ള ഒരു സ്ഥാപനമായി കെ.പിപി.എല്‍-നെ വളര്‍ത്താന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമേഖലയെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണ് കെ.പി.പി.എല്ലിന്റെ ആരംഭത്തിലൂടെ യാഥാര്‍ഥ്യമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്തു പുനഃസംഘടിപ്പിച്ചു കേരളത്തിന്റെ പൊതുമേഖല വ്യവസായ രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍.

എച്.എന്‍.എല്ലിന്റെ സ്ഥാനത്ത് വെള്ളൂരില്‍ കേരളത്തിന്റെ സ്വന്തം കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

ആദ്യഘട്ടത്തില്‍ യന്ത്ര-സാങ്കേതിക സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കും. നൂറോളം തൊഴിലാളികള്‍ ആദ്യ ദിനത്തിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഒന്നാം ഘട്ടത്തിനായി 34.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 44.94 കോടി രൂപ വകയിരുത്തിയിരിക്കുന്ന രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ സ്വന്തം പള്‍പ്പ് ഉപയോഗിച്ചുള്ള പേപ്പര്‍ നിര്‍മ്മാണത്തിലേക്ക് കടക്കും. മൂന്നും നാലും ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 2700 കോടി രൂപയുടെ വിറ്റുവരവും അഞ്ച് ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ഉല്‍പാദന ശേഷിയുമുള്ള ഒരു സ്ഥാപനമായി കെ.പിപി.എല്ലിനെ വളര്‍ത്താന്‍ സാധിക്കും.

നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ 145 കോടി രൂപയുടെ റെസല്യൂഷന്‍ പ്‌ളാന്‍ സമര്‍പ്പിച്ച്, ടെണ്ടറില്‍ പങ്കെടുത്താണ് സര്‍ക്കാര്‍ ഈ സ്ഥാപനം ഏറ്റെടുത്തത്.

കേരളത്തിന്റെ വ്യവസായ വികസന ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് കെ.പി.പി.എല്ലിന്റെ രൂപീകരണം. പൊതുമേഖലയെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണ്. അത് വളരെ മികച്ച രീതിയില്‍ തന്നെ സര്‍ക്കാര്‍ നിര്‍വഹിക്കുന്നു എന്നതിന്റെ തെളിവാണ് കെ.പി.പി.എല്ലിന്റെ രൂപീകരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Hindustan Newsprint Limited was taken over by the Kerala Government in the name of Kerala Paper Products Limited