| Thursday, 26th December 2019, 4:28 pm

ബീഹാറില്‍ നിലയുറപ്പിക്കാന്‍ ഉവൈസിയൊരുങ്ങുന്നു?; എ.ഐ.എം.ഐ.എമ്മിനോടൊപ്പം സഖ്യ സാധ്യതകള്‍ തേടി ജിതന്‍ റാം മഞ്ജിയെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച അസദ്ദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന എ.ഐ.എം.ഐ.എമ്മുമായി ആദ്യമായി വേദി പങ്കിടാന്‍ ഒരുങ്ങുന്നു. പൗരത്വ നിയമത്തിനെതിരായും എന്‍.ആര്‍.സിക്കുമെതിരെ കിഷന്‍ഗഞ്ജില്‍ സംഘടിപ്പിക്കുന്ന റാലിയിലാണ് ഈ വേദി പങ്കിടല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ റാലി സംസ്ഥാനത്ത് ഒരു മൂന്നാം മുന്നണി ഉദയം ചെയ്യാനുള്ള സാധ്യത മുന്നോട്ടുവെക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ജിതന്‍ റാം മഞ്ജി കുറച്ചു നാളുകളായി മഹാസഖ്യവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ആര്‍.ജെ.ഡി പ്രധാന വിഷയങ്ങളില്‍ തന്നോട് അഭിപ്രായം തേടുന്നില്ലെന്നും തന്റെ പാര്‍ട്ടിയെ തഴയുന്നുമെന്നാണ് ജിതന്‍ റാം മഞ്ജിയുടെ പരാതി.

അടുത്തിടെ നടന്ന കിഷന്‍ഗഞ്ജ് നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം വിജയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്ന മണ്ഡലത്തിലാണ് എ.ഐ.എം.ഐ.എം അട്ടിമറി വിജയം നേടിയത്. ഇതോടെ ഉവൈസിയുടെ പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടിയിരുന്നു.

സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ 17%മാണ്. ദളിത് ജനസംഖ്യ 16%വും. ദളിത് സമുദായത്തില്‍ നിന്നുള്ള പ്രമുഖ നേതാവായ ജിതന്‍ റാം മഞ്ജിയും ഉവൈസിയുടെ പാര്‍ട്ടിയും ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരിച്ച് ഈ രണ്ട് സമുദായങ്ങളില്‍ നിന്നും വോട്ട് സമാഹരിക്കാനായാല്‍ മഹാസഖ്യത്തെയും എന്‍.ഡി.എ ഒരു പോലെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ആര്‍.കെ വര്‍മ്മ പറഞ്ഞു.

എന്നാല്‍ ജിതന്‍ റാം മഞ്ജിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളൊന്നും മഹാസഖ്യത്തെയോ മതേതര വോട്ട് ബാങ്കിനെയോ ബാധിക്കില്ലെന്ന് ആര്‍.ജെ.ഡി വക്താവ് ചിത്തരഞ്ജന്‍ ഗഗന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more