| Wednesday, 23rd January 2019, 8:08 am

'പൗരത്വ പട്ടികയെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധരും സിഖുകാരും ഭയപ്പെടേണ്ടതില്ല'; ബംഗാളില്‍ കടുത്ത വര്‍ഗീയത പ്രസംഗിച്ച് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ദേശീയ പൗരത്വപട്ടിക(എന്‍.ആര്‍.സി)യെ രാജ്യത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധരും സിഖുകാരും ഭയപ്പെടേണ്ടതില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കാരണം പൗരത്വഭേദഗതി ബില്‍ അവര്‍ക്ക് പൗരത്വം നല്‍കാന്‍ കൊണ്ടുവന്നതാണെന്നും അമിത് ഷാ പറഞ്ഞു.

പശ്ചിമബംഗാളിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച് കൊണ്ട് മാല്‍ഡയിലാണ് അമിത് ഷായുടെ വര്‍ഗീയ പ്രസംഗം.

നുഴഞ്ഞുക്കയറ്റക്കാരുമായി അടുത്തബന്ധമാണ് തൃണമൂലിനുള്ളതെന്ന് അമിത് ഷാ പറഞ്ഞു. “നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനാണ് എന്‍.ആര്‍.സി കൊണ്ടു വന്നത്. പക്ഷെ ഇത് ബംഗാളികളെ പുറത്താക്കാനാണെന്ന് അവര്‍ തെറ്റിദ്ധരിപ്പിച്ചു. ബംഗാളില്‍ ജീവിക്കുന്ന ഹിന്ദുക്കളും സിഖുകാരും ബുദ്ധവിശ്വാസികളുമായ അഭയാര്‍ത്ഥികളോട് പറയാനുള്ളത് നിങ്ങള്‍ ഭയപ്പെടേണ്ടെന്നാണ്. പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നത് എല്ലാ ബംഗ്ലാദേശി ഹിന്ദുക്കള്‍ക്കും പൗരത്വം നല്‍കാനാണ്. അരെയും ഒഴിവാക്കില്ല, ബുദ്ധരോ, സിഖുകാരനോ, ക്രിസ്ത്യാനിയോ ആവട്ടെ. പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ബി.ജെ.പിയുടെ മോദി സര്‍ക്കാര്‍ പൗരത്വം നല്‍കും.

പൗരത്വഭേദഗതി ബില്ലില്‍ മമത നിലപാട് വ്യക്തമാക്കണമെന്നും ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ നിങ്ങളില്‍ നിന്ന് ഉത്തരം തേടുന്നുവെന്നും ഷാ പറഞ്ഞു.

പൗരത്വഭേദഗതി ബില്‍ ആയിരിക്കും ബംഗാളില്‍ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാളി ഹിന്ദുക്കളുടെ നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്ത് എന്‍.ആര്‍.സി.യുള്ള ഏക സംസ്ഥാനം അസമാണ്. 1971 മാര്‍ച്ച് 24-നുശേഷം തങ്ങള്‍ അസമിലാണു താമസിക്കുന്നതെന്നു തെളിയിക്കുന്ന എല്ലാ രേഖകളും സമര്‍പ്പിക്കുന്നവര്‍ക്കേ എന്‍.ആര്‍.സി.യില്‍ ഉള്‍പ്പെടുകയുള്ളൂ. നിലവില്‍ എന്‍.ആര്‍.സി അവസാന കരടുപട്ടിക പുറത്തിറക്കിയപ്പോള്‍, 40 ലക്ഷത്തോളംപേരാണ് പൗരത്വം നഷ്ടമാകുമെന്ന ഭീതിയിലായിരിക്കുന്നത്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിമിതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക പൗരത്വം നല്‍കുമെന്നാണ് വ്യവസ്ഥ.

നേരത്തെ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മമത സര്‍ക്കാര്‍ ബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള ബി.ജെ.പി റാലിയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇപ്പോള്‍ റാലി നടത്താന്‍ സുപ്രീംകോടതിയാണ് അനുമതി നല്‍കിയത്.

We use cookies to give you the best possible experience. Learn more