കൊല്‍ക്കത്ത: ഹിന്ദുക്കളും മുസ്‌ലിം ഇതര വിഭാഗങ്ങളും ആസാം പൗരത്വ ലിസ്റ്റിന്റെ കാര്യത്തില്‍ ഒട്ടും പേടിക്കേണ്ടെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ. സാമ്പത്തിക നേട്ടത്തിനായി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറ്റ ബംഗ്ലാദേശി മുസ്‌ലീങ്ങളെ തിരിച്ചറിയാനാണ് ഇത്തരമൊരു ലിസ്റ്റുണ്ടാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്‌ണോമിക്‌സ് ടൈംസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കള്‍, ജൈനര്‍, ബുദ്ധിസ്റ്റുകള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്താനുള്ള ചട്ടം പൗരത്വ നിയമ ഭേദഗതി ബില്ലില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:സരിതയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ്‌കുമാര്‍: ഉമ്മന്‍ചാണ്ടി
“നിയമവിരുദ്ധ കുടിയേറ്റക്കാരെ ഞങ്ങള്‍ കാറ്റഗറൈസ് ചെയ്തിട്ടുണ്ട്. അതില്‍ ഒന്ന് പീഡിതരായ ഹിന്ദുക്കളാണ്. മറ്റൊന്ന് സാമ്പത്തിക നേട്ടം മുന്നില്‍കണ്ട് രാജ്യത്ത് നുഴഞ്ഞുകയറിയ ബംഗ്ലാദേശി മുസ്‌ലീങ്ങളാണ്. അതിനാല്‍ ഹിന്ദുക്കളും മുസ്‌ലീങ്ങളല്ലാത്ത കുടിയേറ്റക്കാരും പേടിക്കേണ്ട. അവര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സര്‍ക്കാര്‍ അവരെ രക്ഷിക്കും.” എന്നാണ് അദ്ദേഹം പറഞ്ഞത്.
പാര്‍ലമെന്റില്‍ പൗരത്വനിയമ ഭേദഗതി ബില്‍ പാസാക്കിയാലുടന്‍ മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. “പക്ഷേ ബംഗ്ലാദേശി മുസ്‌ലീങ്ങള്‍ പണമുണ്ടാക്കാനായി നുഴഞ്ഞുകയറിയവരാണ്. അവര്‍ ദുരിതമനുഭവിക്കുന്നവരല്ല. പിന്നെ എന്തിന് നമ്മള്‍ അവരെ വോട്ടര്‍മാരായി ചേര്‍ക്കണം” എന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡോറില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയാണ് കൈലാഷ്. എന്‍.ആര്‍.സി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അസമില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു നടപടി ആരംഭിച്ചത്. ഇവര്‍ കാരണം നമ്മുടെ യുവാക്കള്‍ക്ക് പണി കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ കണക്കുപ്രകാരം 10 മില്യണ്‍ ബംഗ്ലാദേശി മുസ്‌ലീങ്ങളാണ് ബംഗാളില്‍ ജീവിക്കുന്നത്. പ്രത്യാഘാതങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ബംഗാള്‍ തീവ്രവാദ ഫണ്ടിങ്ങിന്റെ കേന്ദ്രമായിക്കഴിഞ്ഞു.” എന്നും അദ്ദേഹം പറഞ്ഞു.
കള്ളനോട്ടുകളുടെ തലസ്ഥാനമാണ് മാല്‍ഡ ജില്ലയെന്നു പറഞ്ഞ അദ്ദേഹം ഏറ്റവുമധികം കള്ളനോട്ടുകള്‍ ബംഗാളിലാണ് വിതരണം ചെയ്യപ്പെടുന്നതെന്നും അഭിപ്രായപ്പെട്ടു.