ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകാരും ക്രിസ്ത്യാനികളും സഹോദരന്മാരാണ്; വര്‍ഗീയത പറഞ്ഞ് സമരം തകര്‍ക്കാനുള്ള ബി.ജെ.പിക്ക് കര്‍ഷകരുടെ മറുപടി
farmers protest
ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകാരും ക്രിസ്ത്യാനികളും സഹോദരന്മാരാണ്; വര്‍ഗീയത പറഞ്ഞ് സമരം തകര്‍ക്കാനുള്ള ബി.ജെ.പിക്ക് കര്‍ഷകരുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th February 2021, 8:42 am

ന്യൂദല്‍ഹി: പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി കര്‍ഷകര്‍. നിലവിലെ പ്രതിഷേധം രാജ്യമെമ്പാടും എത്തിക്കാനാണ് കര്‍ഷകരുടെ നീക്കം.

പ്രതിഷേധം ഇപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് നടക്കുന്നതെങ്കിലും അതിവേഗം ഇത് രാജ്യത്തുടനീളം വ്യാപിക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാദുനി പറഞ്ഞു.

ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകാരും ക്രിസ്ത്യാനികളും സഹോദരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരം വിജയത്തില്‍ എത്തിക്കുമെന്ന് ഭരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് നേരത്തെ പറഞ്ഞിരുന്നു. കാര്‍ഷിക സമരം ഒരു ബഹുജന മുന്നേറ്റമാണെന്നും
കാര്‍ഷിക നിയമം റദ്ദുചെയ്യുന്നതുവരെ വീട്ടിലേക്ക് മടങ്ങിപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അവബോധം ഉണ്ടാക്കാന്‍ രാജ്യത്തിന്റെ എല്ലാ കോണിലും തങ്ങള്‍ എത്തുമെന്നും ടികായത് വ്യക്തമാക്കി.

പ്രതിഷേധം അട്ടിമറിക്കാനായി കര്‍ഷകര്‍ക്കിടയില്‍ വിഭാഗിയത ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും എന്നാല്‍ തങ്ങള്‍ക്കിടയില്‍ അത്തരത്തിലൊരു വിഭാഗീയത ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഈ പ്രതിഷേധം തുടങ്ങിയപ്പോള്‍, അവര്‍ ഞങ്ങളെ പഞ്ചാബിന്റെയും ഹരിയാനയുടെയും പേരിലും സര്‍ദാര്‍ എന്നും സര്‍ദാര്‍ അല്ലാത്തവര്‍ എന്നും പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു,”അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഹരിയാനയില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുത്തത് അമ്പതിനായിരത്തോളം പേരാണ്. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ ദര്‍ശന്‍പാല്‍, ബല്‍ബീര്‍ സിംഗ് രാജേവാള്‍ ഉള്‍പ്പടെയുള്ളവര്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തിരുന്നു.

രാജ്യത്തെ കാര്‍ഷിക മേഖലയിലെ കനത്ത ചൂഷണമാണ് കര്‍ഷകസമരത്തില്‍ കലാശിച്ചതെന്ന് മഹാപഞ്ചായത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.

ഹരിയാനയിലെ എന്‍.ഡി.എ ഭരണകൂടത്തിന് ഒരു മുന്നറിയിപ്പ് നല്‍കേണ്ടത് അത്യാവശ്യമാണെന്നും അത്രയധികം കര്‍ഷകവിരുദ്ധതയാണ് അവര്‍ സംസ്ഥാനത്ത് ചെയ്ത് കൂട്ടുന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവായ ദര്‍ശന്‍പാല്‍ പറഞ്ഞിരുന്നു.

കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Hindus, Muslims, Sikhs and Christians are brothers says Farmers