| Wednesday, 5th December 2018, 10:59 am

ഹിന്ദു യുവതികള്‍ ഒരു കാരണവശാലും മുസ്‌ലിം പുരുഷന്‍മാരെ വിവാഹം കഴിക്കരുത്; വര്‍ഗീയ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് സുരേഷ് ജോഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: പെണ്‍മക്കളെ മറ്റു സമുദായത്തിലേക്ക് വിവാഹം കഴിച്ചുകൊടുക്കാതിരിക്കാന്‍ ഹിന്ദുക്കള്‍ ശ്രദ്ധിക്കണമെന്ന് ആര്‍.എസ്.എസ് നേതാവ് സുരേഷ് ജോഷി (ഭയ്യാജി ജോഷി). എന്തു വിലകൊടുത്തും ഇന്ത്യന്‍ സംസ്‌കാരം നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും സുരേഷ് ജോഷി പറഞ്ഞു.

ഹിന്ദുക്കളെപ്പോലെ തന്നെ ഇന്ത്യയുടെ മക്കളാണ് മുസ്‌ലിങ്ങളും. എന്നാല്‍, മുസ്‌ലിം അധിനിവേശം ഉണ്ടാകുന്നതിനു മുന്‍പുതന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നവര്‍ എന്ന നിലയില്‍ ഹിന്ദുക്കള്‍ ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന നിലപാടാണ് ആര്‍.എസ്.എസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആഗ്രയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമായി മാറാതിരിക്കുന്നതിന് ഹിന്ദു യുവതികള്‍ ഒരു കാരണവശാലും മറ്റു മതക്കാരെ, വിശേഷിച്ച് മുസ്‌ലിം പുരുഷന്‍മാരെ വിവാഹം കഴിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുകയും അവരുടെ കുടുംബം ഉണ്ടാക്കുകയും വേണം. ആര്‍.എസ്.എസ് ഒരിക്കലും മുസ്‌ലിം വിരുദ്ധരല്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള തീരുമാനം മുസ്‌ലിങ്ങള്‍ക്കെതിരെയുള്ളതല്ലെന്നും സുരേഷ് ജോഷി പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരം നിലനിര്‍ത്തുന്നതിന് സ്വയംസേവകരുടെ എണ്ണം ഇനിയും വര്‍ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ആര്‍.എസ്.എസില്‍ ചേര്‍ന്ന് സാമൂഹ്യ സേവനം ചെയ്യാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുന്നുണ്ട്. പാവപ്പെട്ടവരുടേയും ദളിതരുടേയും ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൂടുതലായി ശ്രമിക്കേണ്ടതുണ്ടെന്നും സുരേഷ് ജോഷി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more