ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ ഡി.എന്‍.എയാണെന്ന് തോന്നുമെന്നും എന്നാല്‍ ഓരോ വ്യക്തിക്കും തനതായ ഡി.എന്‍.എ ഉണ്ടെന്നാണ് ഹിന്ദുക്കളായവര്‍ വിശ്വസിക്കുന്നതെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
നാല്‍പ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യക്കാരുടേയും ഇന്നത്തെ ഇന്ത്യക്കാരുടേയും ഡി.എന്‍.എ ഒന്നാണെന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് രാഹുലിന്റെ മറുപടി.
”ഓരോ വ്യക്തിയുടെയും ഡി.എന്‍.എ വ്യത്യസ്തവും അതുല്യവുമാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ ഡി.എന്‍.എ ഉണ്ടെന്ന് വിശ്വസിക്കുന്നു,” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ ഡി.എന്‍.എ പരാമര്‍ശം.
”40,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി.എന്‍.എയും ഇന്നത്തെ ആളുകളുടെ ഡി.എന്‍.എയും ഒന്നുതന്നെയാണ്. നമ്മുടെ എല്ലാവരുടെയും പൂര്‍വ്വികര്‍ ഒന്നാണ്. ആ പൂര്‍വ്വികര്‍ കാരണം നമ്മുടെ രാജ്യം അഭിവൃദ്ധിപ്പെട്ടു.നമ്മുടെ സംസ്‌കാരം തുടര്‍ന്നു,” എന്നാണ് ഭാഗവത് അവകാശപ്പെട്ടത്.
നേരത്തെ, ജയ്പുരിലെ കോണ്‍ഗ്രസ് റാലിയില്‍ വെച്ച് താനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ലെന്നും ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
”ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു, ഗോഡ്സെ ഹിന്ദുത്വവാദിയും,” എന്നാണ് രാഹുല്‍ പറഞ്ഞത്.