| Saturday, 13th September 2014, 11:41 am

ഹിന്ദുത്വത്തിന് സഹിഷ്ണുതയുടെ മുഖം നഷ്ടമാകുന്നുവെന്ന് ഫാലി എസ്. നരിമാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യുദല്‍ഹി: ഹിന്ദുത്വത്തിന് സഹിഷ്ണുതയുടെ മുഖം നഷ്ടമാകുന്നുവെന്ന് പ്രമുഖ നിയമഞ്ജന്‍ ഫാലി എസ്. നരിമാന്‍. തങ്ങളുടെ വിശ്വാസമാണ് തങ്ങളെ രാഷ്ട്രീയ അധികാത്തില്‍ എത്തിച്ചതെന്ന ചില ഹിന്ദുക്കളുടെ ധാരണ തിരുത്താന്‍ ഉന്നതങ്ങളിലിരിക്കുന്നവര്‍ തയ്യറാവുന്നില്ല. ന്യുനപക്ഷങ്ങള്‍ക്കെതിരെ ഭരണത്തിലിരിക്കുന്ന വ്യക്തികളും സംഘടനകളും നടത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലയെന്ന് നരിമാന്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ന്യൂനപക്ഷ കമ്മീഷന്‍ കോടതിയെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒറ്റകക്ഷിയായ ബി.ജെ.പി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നതിനെ അനുമോദിച്ചാണ് നരിമാന്‍ പ്രസംഗം തുടങ്ങിയതെങ്കിലും ഭൂരിപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുള്ള മുന്‍കാല അനുഭവങ്ങള്‍ ഭയപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

സഹിഷ്ണുതയില്‍ ഏറ്റവും മുന്നില്‍ നിന്നിരുന്ന ഹിന്ദു സമൂഹത്തില്‍ അത് മങ്ങുന്ന അവസ്ഥയാണിന്ന്. എന്നാല്‍ യഥാര്‍ഥ മൂല്യങ്ങള്‍ പാലിക്കുന്ന ചുരുക്കം ചില മനുഷ്യര്‍ നിലനില്‍ക്കുന്നു എന്നതാണ് പ്രതീക്ഷ പകരുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഹിന്ദുവായിരുന്നു, എന്നാല്‍ രാജ്യത്തിന്റെ സംസ്‌കാരത്തെയും നാനാത്വത്തെയും ഹിന്ദു വീക്ഷണകോണിലൂടെയല്ല അദ്ദേഹം സംബോധന ചെയ്തത്.

വിദ്വേഷപ്രസംഗം നടത്തുന്നവരെ അവരുടെ മതമേതെന്ന് നോക്കാതെ തടഞ്ഞുനിര്‍ത്താന്‍ കഴിയണം. എങ്കില്‍ മാത്രമേ ന്യൂനപക്ഷങ്ങളുടെയും രാജ്യത്തിന്റെയും ആത്മവിശ്വാസം ഉയര്‍ത്താനാകൂ എന്നും ദേശീയ ന്യൂനപക്ഷ കമീഷന്റെ വാര്‍ഷിക പ്രഭാഷണം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ കമീഷന്‍ ഒരു സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമാണ്. ഭരിക്കുന്നവരുടെ തീരുമാനവും താല്‍പര്യവുമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവരല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സുപ്രീം കോടതി വഹിച്ച പങ്ക് നിസ്തുലമാണ്. സൂപ്പര്‍ മൈനോറിറ്റി കമീഷനായാണ് പലപ്പോഴും ഉന്നത നീതിപീഠം പ്രവര്‍ത്തിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ ബില്ലിനെതിരെ സുപ്രീംകോടതി നടത്തിയ വിധി പ്രസ്താവ്യം ഉള്‍പ്പെടെ നിരവധി സന്ദര്‍ഭങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി

We use cookies to give you the best possible experience. Learn more