| Monday, 29th May 2023, 5:13 pm

സിനിമ സെറ്റ് മുതല്‍ പാര്‍ലമെന്റ് വരെ നീളുന്ന ഹൈന്ദവത

ശ്രീജിത്ത് ദിവാകരന്‍

കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് പല ആരോപണങ്ങളുമുണ്ടായിരുന്നു. ഹഥ്റാസ് മുതല്‍ ഒട്ടേറെ ദളിത് സ്ത്രീ പീഡനങ്ങള്‍, താക്കൂര്‍ രാജിന്റെ ക്രൂരതകള്‍, ദുരന്തമായ പോലീസിങ്ങ് , പശുക്കള്‍ വിളനശിപ്പിക്കുന്നത്, രാജ്യത്തെ ഏറ്റവും മോശം കോവിഡ് മാനേജ്മെന്റ്, കാര്‍ഷിക പ്രശ്നങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, കോവിഡ് മൂലം രണ്ട് വര്‍ഷം പട്ടാള റിക്രൂട്ട്മെന്റ് മുടങ്ങിയത് ഒരു വിഭാഗം ചെറുപ്പക്കാര്‍ക്കുണ്ടാക്കിയ നിരാശ..എന്നിങ്ങനെ ഒട്ടേറെ പ്രതിസന്ധികള്‍.

അവസാന വര്‍ഷമെങ്കിലും മുഖം മിനുക്കാനുള്ള നടപടികളെന്തെങ്കിലും യോഗി സര്‍ക്കാര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും അവരൊന്നും ചെയ്തില്ല. എന്നിട്ടും വീണ്ടും ഭരണം ഉറപ്പിച്ച് ഇവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത് എങ്ങനെ എന്നതിന് യു.പിയിലെ സുഹൃത്തുക്കള്‍ പറഞ്ഞത് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ദൃശ്യങ്ങള്‍ മാത്രം മതി അവര്‍ക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ എന്നാണ്. അത് കോണ്‍ഗ്രസിനും അറിയാമായിരുന്നത് കൊണ്ട് പ്രിയങ്കഗാന്ധി മുതല്‍ സര്‍വ്വവരും രാമനേയും പശുവിനേയും ഹനുമാനേയും എല്ലാം പൂജിച്ചു.

പക്ഷേ ഒര്‍ജിനല്‍ ഉള്ളപ്പോള്‍ മിമിക്രി വേണ്ടല്ലോ.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌

എന്‍ഡ് ഓഫ് ദ ഡേ, യു.പി-യില്‍ മാരകമായ തിരിച്ച് വരവാണ് ബി.ജെ.പി നടത്തിയത്. ദളിത്, പിന്നാക്ക, ഠാക്കൂര്‍, ബ്രാഹ്മണ വേര്‍തിരിവില്ലാതെ ഹിന്ദുവോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനത പിളര്‍ന്നു. ഇരുപത് ശതമാനത്തോടടുത്ത മുസ്ലീം വോട്ടുകള്‍ പല നിലയ്ക്കും ചിതറിയും കൊഴിഞ്ഞും പോയി.

പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍, ഒരു ജനാധിപത്യ രാജ്യത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ നാണക്കേടിന്റെ, പരിഹാസ്യതയുടെ അങ്ങേയറ്റമായി ഇന്നലെ നടന്നത്. ജനാധിപത്യ ഹിംസയുടെ ഏറ്റവും വലിയ പ്രശ്നം അത് സംഭവിച്ചുവെന്നതല്ല; അതില്‍ ഭൂരിപക്ഷം ഇന്ത്യാക്കാര്‍ക്കും യാതൊരു പ്രശ്നവുമില്ല എന്നതും അത് സ്വഭാവികമായ ഒരു അഭിമാനമായി അവര്‍ക്ക്  തോന്നുന്നു എന്നതുമാണ്.

ഈ ദൃശ്യങ്ങള്‍ വോട്ടായി മാറും എന്ന് സര്‍വ്വര്‍ക്കും അറിയാം. ഒന്‍പതോളം വര്‍ഷത്തെ ബി.ജെ.പി ഭരണം ചെയ്തത്, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന മനുഷ്യ സമൂഹത്തിന് കൊട്ടിഘോഷിക്കപ്പെടുന്ന എന്തും സ്വീകാര്യമായി എന്നതാണ്. പട്ടിണിയും ദുരിതവും മറക്കാനുതകുന്ന സര്‍ജിക്കല്‍ സ്ട്രെക്ക്, അനീതികളേയും ആക്രമണങ്ങളേയും മായ്ക്കുന്ന രാമക്ഷേത്രം, രാജ്യത്തിന്റെ അഭിമാനമായ ഗുസ്തിതാരങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമത്തിനെ തൃണവല്‍ഗണിക്കാന്‍ പോന്ന പാര്‍ലമെന്റ് പൂജ.

പക്ഷേ അത് ഇവിടെ തുടങ്ങിയതല്ല, ഹൈന്ദവത ഒരു സര്‍വ്വസാധാരണത്വം പോലെ ഇന്ത്യയില്‍ അനുഷ്ഠിച്ച് വന്നതിന്റെ തുടര്‍ച്ച മാത്രമാണിത്. സയന്റിഫിക് ടെമ്പരാമെന്റ് എല്ലാം ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്തിന് ശേഷം ഇന്ത്യ മറന്നതാണ്. ഗണപതി ഹോമമെല്ലാം സര്‍ക്കാര്‍ ഓഫീസുകളില്‍ പതിവായി മാറി.

സിനിമ സെറ്റിലെ പൂജ മുതല്‍ സകല പബ്ലിക് ഇവന്റുകളിലും ഹൈന്ദവ ചടങ്ങുകള്‍ സ്വഭാവികമായി നടന്നു. ഐ.എസ്.ആര്‍.ഒയില്‍ റോക്കറ്റ് വിടുന്നതിന് മുമ്പ് വിഘ്നേശ്വര പൂജ, സ്‌ക്കൂളുകളില്‍ സരസ്വതീ പൂജ, സകല പൊതുപരിപാടിയിലും നിലവിളക്ക് കൊളുത്തല്‍ എന്നിങ്ങനെ ഹൈന്ദവാചാരങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരമാണെന്ന മട്ടില്‍ നടപ്പാക്കി.

ഇടയ്ക്കൊരു മുസ്ലീം വിശ്വാസിയായ പൊതുപ്രവര്‍ത്തകന്‍ തന്റെ വിശ്വാസത്തിനെതിരാണ് ഇത് എന്ന് പറഞ്ഞാല്‍ വിചാരണയായി, ചോദ്യം ചെയ്യലായി, തീവ്രവാദിയായി മുദ്രകുത്തലായി. അഥവാ നമ്മുടെ രാജ്യത്തെ മതേതരത്വത്തെ പരിഹരിക്കുന്നതിനും അപമാനിക്കുന്നതിനും വഴിയൊരുക്കി കൊടുത്തത് നമ്മള്‍ കൂടിയാണ് എന്ന് തിരിച്ചറിയണം. എന്നാലേ മതേതരത്വം തിരിച്ച് പിടിക്കുന്നതില്‍ വ്യക്തതയുണ്ടാകൂ.

മതേതരത്വത്തെ ‘സിക്കുലറിസം’ എന്ന് വിളിച്ചപമാനിക്കുന്ന സംഘികളും അവരുടെ കൂടെ കൂടുന്ന തീവ്ര നിലപാടുകാരുമെല്ലാം ചേര്‍ന്ന് മതേതരത്വം ഇല്ലാതാക്കാന്‍ ശ്രമിക്കും. പക്ഷേ, അത് തിരിച്ച് പിടിച്ചാലേ ഇന്ത്യ മുന്നോട്ട് പോകൂ. സന്യാസിമാര്‍ ഭരിക്കുന്ന രാജ്യമല്ല ഇന്ത്യ. ഇന്ത്യന്‍ പാര്‍ല്യമെന്റില്‍, പൊതു ഇടങ്ങളില്‍ അവര്‍ക്ക് ഒരു സ്ഥാനവുമില്ല. മറ്റേത് പൗരന്മാര്‍ക്കും ഉള്ള തുല്യാവകാശം മാത്രം.

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിമാരും മുഖ്യമന്ത്രിമാരും സംസ്ഥാന മന്ത്രിസഭകളും എം.പിമാരും എം.എല്‍.എമാരുമാണ് ഇന്ത്യയെ നയിക്കുന്നത്. വോട്ടിന് വേണ്ടിയും താത്കാലിക പ്രതിസന്ധികളകറ്റാനും ഹൈന്ദവത താലോലിച്ച് താലോലിച്ചാണ് നാം മതേതര രാജ്യമെന്നതില്‍ നിന്ന് ഹിന്ദുരാജ്യത്തിലെത്തി നില്‍ക്കുന്നത്. ഇപ്പോള്‍ അപമാനിതരായി ഫാസിസത്തിന്റെ തമോഗര്‍ത്തത്തില്‍ വീണു കിടക്കുമ്പോള്‍ ആ വീണ്ടുവിചാരം കൂടി വേണം.

content highlights: Hinduism from film sets to Parliament

ശ്രീജിത്ത് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more