| Friday, 2nd April 2021, 5:58 pm

കേരളത്തില്‍ 2020ല്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നത് ഹിന്ദു മതത്തിലേക്ക്; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ 2020ല്‍ നടന്നിട്ടുള്ള മതം മാറ്റങ്ങളില്‍ കൂടുതലും ഹിന്ദുമതത്തിലേക്കെന്ന് ദി ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണ റിപ്പോര്‍ട്ട്. 2020 ല്‍ 506 മതം മാറ്റങ്ങളാണ് ഉണ്ടായത്. ഇതില്‍ 47 ശതമാനവും ഹിന്ദുമതത്തിലേക്കാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.

2020ല്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഇസ്‌ലാം മതത്തില്‍ നിന്നുമായി ഹിന്ദു മതത്തിലേക്ക് മാറിയിരിക്കുന്നത് 241 പേരാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. തിരിച്ച് ഇസ്‌ലാം മതത്തിലേക്ക് 144 പേരും ക്രിസ്ത്യന്‍ മതത്തിലേക്ക് 119 പേരും മാത്രമാണ് കഴിഞ്ഞ വര്‍ഷം മാറിയിട്ടുള്ളതെന്നാണ് കണക്കുകള്‍.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ കേരളത്തിലും ലവ് ജിഹാദ് നിയമം നടപ്പാക്കണമെന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് സംഭവങ്ങള്‍ ധാരാളം ഉണ്ടാകുന്നുവെന്നും എന്നാല്‍ ലവ് ജിഹാദ് നിയമനിര്‍മാണം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.

മതപരിവര്‍ത്തനത്തിനെതിരെ യു. പി മോഡല്‍ ലവ് ജിഹാദം നിയമം കൊണ്ടു വരുമെന്ന് ബി.ജെ.പി പ്രകടനപത്രികയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നത് ഹിന്ദു മതത്തിലേക്കാണ് എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

നിയമപ്രകാരം പ്രായപൂര്‍ത്തി ആയവരായാലും അല്ലെങ്കിലും, മതം മാറുകയാണെങ്കില്‍ ഗസറ്റില്‍ പരസ്യം ചെയ്യേണ്ടതുണ്ട്. ഹിന്ദുമതത്തിലേക്കുള്ള 72 ശതമാനം മതപരിവര്‍ത്തനവും ദളിതരായ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ക്രിസ്ത്യന്‍ ചേരമാര്‍, സാംബവ, ക്രിസ്ത്യന്‍ പുലയര്‍ എന്നിവരില്‍പ്പെടുന്നവരാണ് അതില്‍ അധികം പേരും. റിസര്‍വേഷന്‍ ആനുകൂല്യങ്ങളുടെ അഭാവമാണ് ഹിന്ദു മതത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇസ്‌ലാമില്‍ നിന്ന് ഹിന്ദു മതത്തിലേക്ക് മാറിയവര്‍ 32 ശതമാനമാണ്. ക്രിസ്ത്യന്‍ മതത്തില്‍ നിന്നും മറ്റു രണ്ട് മതത്തിലേക്ക് മാറിയവര്‍ 242 പേരാണെങ്കില്‍ 119 പേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.

ഇസ്‌ലാം മതത്തിലേക്ക് 144 പേര്‍ ആകൃഷ്ടരായപ്പോള്‍ ഇസ്‌ലാമില്‍ നിന്ന് പോയത് 40 പേരാണ്. ഹിന്ദു മതത്തില്‍ നിന്ന് രണ്ട് പേരാണ് ബുദ്ധ മതത്തില്‍ ആകൃഷ്ടരായി എത്തിയത്.

ഹിന്ദുമതത്തില്‍ നിന്ന് ഇസ്‌ലാം മതത്തിലേക്ക് മാറിയവരില്‍ 77 ശതമാനം പേരാണ്. അതില്‍ 63 ശതമാനം പേരും സ്ത്രീകളാണ്. ഈഴവ, തിയ്യ, നായര്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് മാറിയവരില്‍ കൂടുതലും. 13 സ്ത്രീകളുള്‍പ്പെടെ 25 പേരാണ് ഈഴവ വിഭാഗത്തില്‍ നിന്ന് ഇസ്‌ലാം മതത്തിലേക്ക് മാറിയത്.

മതം മാറിയ 17 തിയ്യ വിഭാഗക്കാരില്‍ 11 പേരും സ്ത്രീകളാണ്. 17 നായന്മാരില്‍ 12 പേര്‍ സ്ത്രീകളാണെന്നുമാണ് കണക്ക്. ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്‌ലാമിലേക്ക് എത്തിയത് 33 പേരാണ്. അതില്‍ ഒന്‍പതുപേര്‍ സിറിയന്‍ കത്തോലിക്കക്കാരാണ്. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളുമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hinduism bigger gainer in religious conversion in Kerala report by The new indian express

We use cookies to give you the best possible experience. Learn more