| Tuesday, 19th January 2021, 11:46 am

'ഹിന്ദു ബോയിക്കോട്ട് ആമസോണ്‍'; താണ്ഡവിന്റെ പേരില്‍ വര്‍ഗീയത പറഞ്ഞും പ്രചരിപ്പിച്ചും തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആമസോണ്‍ പ്രൈം സീരിസ് ആയ താണ്ഡവിനെതിരെ വലിയ രീതിയിലുള്ള വര്‍ഗീതയാണ് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ അഴിച്ചുവിടുന്നത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതുമാണ് സിരീസ് എന്നാരോപിച്ചുകൊണ്ടാണ് താണ്ഡവിനെതിരെ ബി.ജെ.പി വ്യാപകമായി പ്രചരണം അഴിച്ചുവിട്ടതും പരാതി നല്‍കിയും. ഇതിന് പിന്നാലെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ പ്രചരണവും തുടങ്ങി. ഇപ്പോള്‍ ട്വിറ്ററില്‍ ഹിന്ദു ബോയിക്കോട്ട് ആമസോണ്‍ എന്ന ഹാഷ്ടാഗ് ട്രെന്റിംഗ് ആക്കിയിരിക്കുകയാണ് ബി.ജെ.പിയും ഹിന്ദുത്വ ഗ്രൂപ്പുകളും.

നിങ്ങള്‍ ഒരു ഹിന്ദുവാണെന്നതില്‍ അഭിമാനിക്കുന്നുവെങ്കില്‍ ബോയിക്കോട്ട് ആമസോണ്‍ എന്നെഴുതി നിങ്ങളുടെ മതത്തെ ആദരിക്കൂ,  ഒരു വെബ് സീരീസ് നിരോധിച്ചതുകൊണ്ട് കാര്യമില്ല പ്രകാശ് ജി ഒ.ടി.ടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം,  ഒരു ഹിന്ദു എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു അതുകൊണ്ട് ആമസോണ്‍ ബോയിക്കോട്ട് ചെയ്യുന്നു, ഞാന്‍ ഹിന്ദുവാണ്, ആമസോണ്‍ ബോയിക്കോട്ട് ചെയ്യുന്നു, നിങ്ങളോ? എന്നിങ്ങനെയുള്ള വര്‍ഗീയത കലര്‍ന്ന ട്വീറ്റുകളാണ് HinduBoycottAmazon എന്ന ഹാഷ്ടാഗാല്‍ വന്നുകൊണ്ടിരിക്കുന്നത്.

താണ്ഡവ് സീരിസിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനല്‍കേസ് എടുത്തിട്ടുണ്ട്. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ റാം കഥം നല്‍കിയ പരാതിയില്‍ ആമസോണ്‍ പ്രൈമില്‍ നിന്നും വാര്‍ത്ത വിനിമയമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. കേസിന് പിന്നാലെ മാപ്പ് പറഞ്ഞ് താണ്ഡവ് ടീം രംഗത്തെത്തിയിരുന്നു.

”സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരാതികള്‍ സംബന്ധിച്ച് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു’,
എന്നാണ് താണ്ഡവ് ടീം പ്രസ്താവനയില്‍ പറഞ്ഞത്. മാപ്പുപറഞ്ഞാലും കേസുമായി മുന്നോട്ടുപോകുമെന്നാണ് യു.പി പൊലീസ് നിലവില്‍ പറഞ്ഞിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content HighlightS: HinduBoycottAmazon  hate campaign by BJP

We use cookies to give you the best possible experience. Learn more