| Saturday, 26th September 2020, 2:47 pm

'ലൗ ജിഹാദിന് കാരണം ഖാന്‍ നടന്മാരുടെ ഹിന്ദു ഭാര്യമാരും, ജന്മദിനാഘോഷങ്ങളും'; വി.എച്ച്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ലൗ ജിഹാദ് വര്‍ധിക്കാനുള്ള കാരണം പാശ്ചാത്യരീതിയിലുള്ള ജന്മദിനാഘോഷങ്ങളും പുതുവത്സരാഘോഷങ്ങളുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് മാഗസിന്‍. ‘ഹിന്ദു വിശ്വ’ മാഗസിനിലാണ് ഈ ആരോപണം.

മതേതര വാദികളായ മാതാപിതാക്കളുടെ മക്കളാണ് ലൗ ജിഹാദില്‍പ്പെടുകയെന്നും മാഗസിന്‍ ലേഖനത്തില്‍ ആരോപിക്കുന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ ‘ഹിന്ദു വിശ്വ’ പതിപ്പിലാണ് ഈ മുസ്‌ലിം വിരുദ്ധ പരാമര്‍ശം.

‘ലൗ ജിഹാദില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക’ എന്ന തലക്കെട്ടൊടെ പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറിയിലാണ് ഈ ആരോപണം. മൊത്തം പതിനൊന്ന് ലേഖനങ്ങളാണ് കവര്‍‌സ്റ്റോറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 147 കേസുകളാണ് ലൗജിഹാദ് ആരോപിച്ച് നടന്നതെന്നും ഈ ലേഖനത്തില്‍ പറയുന്നു.

മാതാപിതാക്കള്‍ കുട്ടികളെ നല്ലരീതിയില്‍ വളര്‍ത്തുന്നില്ലെന്നും അവരെ പാശ്ചാത്യ മൂല്യങ്ങള്‍ പഠിപ്പിക്കാനാണ് ഉത്സാഹം കാണിക്കുന്നതതെന്നും ലേഖനത്തില്‍ പറയുന്നു. ഇതാണ് രാജ്യത്ത് ലൗ ജിഹാദുകള്‍ കൂടാന്‍ കാരണമെന്നുമാണ് പ്രധാന ആരോപണം.

മതേതരായ ഹിന്ദു മാതാപിതാക്കളുടെ പെണ്‍കുട്ടികളെ പ്രണയത്തിലാക്കാന്‍ എളുപ്പമാണ്. എല്ലാ മതങ്ങളും തുല്യമാണെന്ന വ്യാജ പ്രചരണമാണ് അവര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്- ലൗ ജിഹാദ്, ലോകവ്യാപകമായ ഗൂഢാലോചന എന്ന ലേഖനത്തില്‍ ഹിന്ദു ജനജാഗ്രത സമിതി നേതാവ് രമേഷ് ഷിന്‍ഡെ ചൂണ്ടിക്കാട്ടി.

ജന്മദിനത്തിന് കേക്ക് മുറിക്കുക, പുതുവത്സരമാഘോഷിക്കുക, തുടങ്ങിയ പാശ്ചാത്യ രീതികളാണ് ഇന്ത്യയില്‍ ഹിന്ദുക്കള്‍ പിന്തുടരുന്നത്. ഇത് ഹിന്ദു ആചാരങ്ങളല്ല. മതേതര വീക്ഷണം വെച്ചുപുലര്‍ത്തുന്ന ഇവര്‍ വഞ്ചിക്കപ്പെടുകയാണെന്നും ലേഖനങ്ങളില്‍ പറയുന്നു.

ലൗ ജിഹാദ് വിഷയത്തില്‍ ബോളിവുഡിനെതിരെയും നിരവധി ആരോപണങ്ങളാണ് ലേഖനം മുന്നോട്ട് വെയ്ക്കുന്നത്. ‘ഖാന്‍’ എന്ന് പേരുള്ള എല്ലാ നടന്‍മാര്‍ക്കും ഹിന്ദു ഭാര്യമാരാണ് ഉള്ളതെന്നും ഇത് സമൂഹത്തില്‍ മോശം സ്വാധീനമുണ്ടാക്കുന്നുണ്ടെന്നുമാണ് പ്രധാനാരോപണം.

തന്റെ ഭാര്യയ്ക്ക് ഹിന്ദുവാകാം, എന്നാല്‍ മക്കള്‍ മുസ്‌ലിം ആയിരിക്കുമെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ വരെ പറഞ്ഞുവെന്നും ഇവരുടെ സ്വാധീനം കൊണ്ട് പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

ലൗ ജിഹാദ് നടത്തുന്ന അതേ സമുദായം തന്നെയാണ് തീവ്രവാദവും നടത്തുന്നതെന്നാണ് മറ്റൊരു ലേഖനത്തിലെ ആരോപണം. 2011- 2020 കാലഘട്ടത്തില്‍ മൊത്തം 147 ലൗ ജിഹാദ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും രാജ്യത്തിനെതിരെയുള്ള യുദ്ധമായിക്കണ്ട് ഇവയെ നിയന്ത്രിക്കേണ്ട സമയമാണിതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിശ്വ ഹിന്ദു എഡിറ്റര്‍ വിജയ് തിവാരി എഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS: love jihad VHP magazine

Latest Stories

We use cookies to give you the best possible experience. Learn more