മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. ഖലിസ്ഥാന്‍ തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്ന് ട്രിബ്യൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിസ്‌ബെയ്‌നില്‍ സ്ഥിതി ചെയ്യുന്ന ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെ ശനിയാഴ്ചയായിരുന്നു ആക്രമണം.
സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അധികാരികള്‍ ക്ഷേത്ര സുരക്ഷ ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ആക്രമണം ഓസ്‌ട്രേലിയയിലെ ഹിന്ദുക്കളെ ഭയപ്പെടുത്താനാണെന്നും വിദ്വേഷ നടപടിയാണെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
‘ശ്രീ ലക്ഷമി നാരായണ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം ലോകവ്യാപകമായി നീതിയാവശ്യപ്പെട്ട് സിഖ് വിഭാഗം നടത്തുന്ന നടപടികള്‍ക്ക് സമാനമാണ്. ഹിന്ദുക്കളെ ഭയപ്പെടുത്തുക എന്നതാണ് ഇവരുടെ ഉദ്ദേശം,’ഹിന്ദു മനുഷ്യാവകാശ പ്രവര്‍ത്തക സാറാ ഗേറ്റ്‌സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് മാസത്തിനിടെ നാലാം തവണയാണ് ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നത്. മുമ്പ് നടന്ന ആക്രമണങ്ങളില്‍ ഹിന്ദുവിരുദ്ധ മുദ്രാവാക്യങ്ങളും മോദി വിരുദ്ധ മുദ്രാവാക്യങ്ങളുമായിരുന്നു ക്ഷേത്രത്തിന്റെ ചുമരില്‍ ആക്രമികള്‍ എഴുതിയിരുന്നത്.