Advertisement
World News
അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; ക്ഷേത്ര ചുമരില്‍ മോദി വിരുദ്ധ പരാമര്‍ശവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 09, 10:08 am
Sunday, 9th March 2025, 3:38 pm

കാലിഫോര്‍ണിയ: അമേരിക്കയില്‍ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. കാലിഫോര്‍ണിയയിലെ ബാപ്‌സ് ശ്രീ സ്വാമി നാരായണ്‍ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആക്രമികള്‍ ക്ഷേത്രത്തിന്റെ ചുമരുകളില്‍ ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ എഴുതിയിരുന്നു. വരും ദിവസങ്ങളില്‍ ലോസ് ആഞ്ചലസില്‍ ഖലിസ്ഥാന്‍ റഫറണ്ടം നടക്കാനിരിക്കവെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ആക്രമണത്തില്‍ പ്രതിഷേധം അറിയിച്ച യു.എസിലെ ബാപ്‌സ് പബ്‌ളിക് അഫയേഴ്‌സ് ആക്രമണത്തെ വളരാന്‍ അനുവദിക്കില്ലെന്നും സമാധാനവും അനുകമ്പയും എന്നും നിലനില്‍ക്കുമെന്നും അവരുടെ ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചു.

‘കാലിഫോര്‍ണിയയിലെ ചിനോ ഹില്‍സില്‍ മറ്റൊരു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായ സാഹചര്യത്തില്‍, ചിനോ ഹില്‍സിലെയും സതേണ്‍ കാലിഫോര്‍ണിയയിലെയും ഹിന്ദു സമൂഹം വിദ്വേഷത്തിനെതിരെ ഉറച്ചുനില്‍ക്കുന്നു. വിദ്വേഷം വേരൂന്നാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. നമ്മുടെ മാനവികതയും വിശ്വാസവും സമാധാനവും അനുകമ്പയും നിലനില്‍ക്കുമെന്ന് ഉറപ്പാക്കും’ ബാപ്‌സ് പബ്ലിക് അഫയേഴ്സ് എക്‌സില്‍ എഴുതി.

ഹിന്ദുക്കള്‍ തിരികെ പോകൂ, മോദി ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ് എന്നീ വിദ്വേഷ വാക്കുകളായിരുന്നു ക്ഷേത്രത്തിന്റെ ചുമരില്‍ ഉണ്ടായിരുന്നത്.

ക്ഷേത്രത്തിനെതിരായ ആക്രമണം ഹിന്ദു സംഘടനകള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പലരും അധികൃതര്‍ ഉടനടി ഈ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയായ കോയിലിഷന്‍ ഓഫ് ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയും (CoHNA) ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. യു.എസിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതിനെ വിമര്‍ശിച്ച സംഘടന, ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികള്‍ ആണെന്നും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

‘മറ്റൊരു ഹിന്ദു ക്ഷേത്രം കൂടി നശിപ്പിക്കപ്പെട്ടു. ഇത്തവണ കാലിഫോര്‍ണിയയിലെ ചിനോ ഹില്‍സിലെ പ്രശസ്തമായ ബാപ്‌സ് ക്ഷേത്രമാണ്. ഹിന്ദു വിരുദ്ധ വിദ്വേഷം ഇല്ലെന്നും ഹിന്ദുഫോബിയ നമ്മുടെ ഭാവന മാത്രമാണെന്നും മാധ്യമങ്ങളും അക്കാദമിക് വിദഗ്ധരും വാദിക്കുന്ന ലോകമാണിത്. ലോസ് ആഞ്ചലസില്‍ ‘ഖലിസ്ഥാന്‍ റഫറണ്ടം’ അടുത്തുവരുമ്പോള്‍ ഇത് സംഭവിക്കുന്നതില്‍ അതിശയിക്കാനില്ല,’ CoHNA യുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

ഈ മേഖലയില്‍ ക്ഷേത്രം നശിപ്പിക്കപ്പെടുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ന്യൂയോര്‍ക്കിലെ ബാപ്‌സ് ക്ഷേത്രത്തിന് നേരെയും സമാനമായ ആക്രമണമുണ്ടായിരുന്നു. ഇത് നടന്ന് ദിവസങ്ങള്‍ക്ക് ശേഷം, സാക്രമെന്റോയിലെ ബാപ്‌സ് ശ്രീ സ്വാമിനാരായണ മന്ദിറിലെ ചുമരുകളിലും അക്രമികള്‍ വിദ്വേഷ വാക്കുകള്‍ എഴുതിയിരുന്നു.

Content Highlight: Hindu temple attacked in California