ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുസ്‌ലീം യുവാവ് തട്ടിക്കൊണ്ടുപോയതില്‍ വ്യാപകപ്രതിഷേധം. പ്രദേശത്തെ സ്വാധീനമുള്ള മുസ്‌ലീം കുടുംബമാണ് ഇതിന്റെ പിന്നിലെന്നും പെണ്‍കുട്ടിയെ കറാച്ചിയിലെത്തിച്ച് മതപരിവര്‍ത്തനം നടത്തിയെന്നും പരാതിക്കാര്‍ ആരോപിച്ചു. കുട്ടിയെ തിരികെക്കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹിന്ദു സമുദായാംഗങ്ങള്‍ നടത്തിയ പ്രതിഷേധം പോലീസിന്റെ ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് താത്കാലികമായി അവസാനിപ്പിച്ചെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രവിശ്യയിലെ റഹിം യാര്‍ ഖാന്‍ എന്ന പ്രദേശത്തുവെച്ചാണ് താഹിര്‍ താംറി എന്ന യുവാവ് തന്റെ പിതാവിന്റെയും സഹോദരന്മാരുടെയും സഹായത്തോടെ കഴിഞ്ഞമാസം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പോലീസ് കറാച്ചിയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍തന്നെ കണ്ടെത്തുമെന്നും പോലീസ് മേധാവി വ്യക്തമാക്കി.
കഴിഞ്ഞമാസം ഗോട്കി ജില്ലയില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ രണ്ട് ഹിന്ദു യുവതികളെ ഒരുസംഘം യുവാക്കള്‍ തട്ടിക്കൊണ്ടുപോകുകയും നിര്‍ബന്ധപൂര്‍വം അവരുടെ വിവാഹം നടത്തുന്നതുമായ വീഡിയോ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു.
പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാകുന്ന ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം ദക്ഷിണ സിന്ധ് പ്രവിശ്യയില്‍ ആയിരത്തോളം കേസുകളാണ് അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.