ഹൈദരാബാദ്: വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരിച്ച അമ്മയുടെ ശവ സംസ്‌കാര ചടങ്ങിനെ ചൊല്ലി വ്യത്യസ്ത മതങ്ങള്‍ ആചരിക്കുന്ന സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിച്ച് പൊലീസ്. ഹൈദരാബാദിലെ മദന്നപേട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.
മകനും കൊച്ചു മക്കളും ഹൈന്ദവ ആചാര പ്രകാരം ശവസംസ്‌കാരം നടത്തണമെന്ന ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്‌ലാം മതം സ്വീകരിച്ച മകള്‍ ഇതിനെ എതിര്‍ത്തു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമാവുകയും
സംഭവ സ്ഥലത്ത് ആളുകള്‍ തടിച്ചു കൂടുകയും ചെയ്തു. ഇതോടെ ലോക്കല്‍ പൊലീസെത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി താനായിരുന്നു രോഗിയായ അമ്മയെ പരിപാലിച്ചിരുന്നത്. അമ്മയും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും തങ്ങളുടെ ആചാര പ്രകാരം സംസ്‌കരിക്കണമെന്നത് അവരുടെ അവസാന ആഗ്രഹമായിരുന്നെന്നും മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കഴിഞ്ഞ 12 വര്‍ഷമായി എന്റെ കൂടെയായിരുന്നു അമ്മ താമസിച്ചിരുന്നത്. ആരും നോക്കിയില്ലെങ്കിലും ഞാന്‍ അവരെ നന്നായി നോക്കുമായിരുന്നു. ഈ അടുത്ത് 5 ലക്ഷം രൂപയുടെ ഒരു സര്‍ജറി ആവശ്യമായി വന്നപ്പോഴും ഞാനായിരുന്നു നടത്തിയത്. സഹായത്തിനായി ആരും വന്നിട്ടുണ്ടായിരുന്നില്ല. തന്റെ മരണ ശേഷം ആരും തന്നെ അന്വേഷിച്ചു വരില്ലെന്നും നമ്മുടെ പാരമ്പര്യമനുസരിച്ച് സംസ്‌കരിക്കണമെന്നും അമ്മ പറഞ്ഞിരുന്നു,’ മകള്‍ പറഞ്ഞു.
ഡെപ്യൂട്ടി കമ്മീഷണര്‍(സൗത്ത് ഈസ്റ്റ്) സി.എച്ച് രൂപേഷ് പ്രശ്നങ്ങളൊന്നും കൂടാതെ തര്‍ക്കം പരിഹരിച്ചു. ഇതൊരു കുടുംബ പ്രശ്നമാണെന്നും പൊലീസ് ഇത് രമ്യമായി പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘മകളുടെ ആഗ്രഹ പ്രകാരം അവളുടെ വീട്ടില്‍ വെച്ച് അന്തിമ പ്രാര്‍ത്ഥനകള്‍ നടത്തി. പിന്നീട് മകന്റെ വീട്ടിലേക്ക് മൃതദേഹം അവരുടെ വിശ്വാസ പ്രകാരം സംസ്‌കരിക്കുന്നതിനായി വിട്ടു കൊടുക്കാനായിരുന്നു അന്തിമ തീരുമാനം. രാത്രി 11:45 മുതല്‍ പുലര്‍ച്ചെ 1:30 വരെ ഇരുവീട്ടുകാരുമായി പൊലീസ് ചര്‍ച്ച നടത്തി പുലര്‍ച്ചെ 2:30തോട് കൂടിയാണ് പ്രശ്നം പരിഹരിച്ചത്,’ സി.എച്ച് രൂപേഷ് പറഞ്ഞു.
അമ്മ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന വീഡിയോകളും രേഖകളും മകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും എല്ലാ വിശദാംശങ്ങളും പരിശോധിച്ചാണ് തീരുമാനത്തിലേക്ക് എത്തിയതെന്നും മദന്നപേട്ട് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി ജനയ്യ പറഞ്ഞു
‘2023 ജനുവരിയില്‍ തന്റെ അമ്മ ഇസ്‌ലാം മതം സ്വീകരിച്ചു എന്ന് തെളിയിക്കുന്ന വീഡിയോകളും രേഖകളും മകള്‍ ഹാജരാക്കി. ഞങ്ങള്‍ എല്ലാ വിശദാംശങ്ങളും പരിശോധിച്ച് മുതിര്‍ന്നവരുമായി കൂടിയാലോചിച്ചതിനു ശേഷമാണ് മകളുടെ ആചാര പ്രകാരം അവളുടെ വീട്ടില്‍ വെച്ച് അന്തിമ പ്രാര്‍ത്ഥനകള്‍ നടത്താനും
അതിനു ശേഷം മകന്റെ വീട്ടിലേക്ക് മൃതദേഹം സംസ്‌കരിക്കുന്നതിനായി വിട്ടു കൊടുക്കാനും തീരുമാനിച്ചത്,’ ബി.ജനയ്യ പറഞ്ഞു.
Contenthighlight: Hindu son, muslim daughter, argue over mothe funeral solved by police