കറാച്ചി: ‘റമളാന്‍ ഓര്‍ഡിനന്‍സ്’ ലംഘിച്ചു എന്നാരോപിച്ച് ഹിന്ദു മതവിശ്വാസിയായ കടയുടമയെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പാകിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.
ഖാന്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ കബീല്‍ ബായൊയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഭക്ഷണം കഴിക്കുന്നതിലൂടെ റമളാന്‍ ഓര്‍ഡിനന്‍സ് ലംഘിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. എക്‌സ്പ്രസ് ട്രിബ്യൂണാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കയ്യില്‍ ഒരു വടിയുമായി നടന്നു വരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹിന്ദു മതത്തില്‍ പെട്ട കടയുടമയുള്‍പ്പെടെയുള്ളവരെ ആക്രമിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ലോക്കല്‍ മാര്‍ക്കറ്റില്‍ വിതരണം ചെയ്യാനുള്ള ബിരിയാണി കടയില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് വിവരം. പന്ത്രണ്ടോളം പേരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
താന്‍ ഹിന്ദുവാണെന്നും റമളാന്‍ കാലത്ത് കടക്കുള്ളില്‍ തങ്ങള്‍ ഡൈനിങ് സര്‍വീസ് നടത്താറില്ലെന്ന് കടയുടമ പറഞ്ഞതായും എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് എസ്.എച്ച്.ഒക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിന്ധ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ (S.H.R.C) പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ക്ക് കത്തയച്ചിരുന്നു.
‘ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20, മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലുള്ള വിവേചനത്തെ നിരാകരിക്കുന്നതാണ്. ഇവിടെ പൗരന്റെ മൗലികാവകാശം ലംഘിക്കപ്പെട്ടിരിക്കുന്നു,’ എസ്.എച്ച്.ആര്‍.സി പുറത്തുവിട്ട കത്തില്‍ പറയുന്നു.
2014 ജൂണ്‍ 19ന് പാക് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന തസാദുഖ് ഹുസൈന്‍ ജിലാനി ന്യൂനപക്ഷങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുപ്രധാന വിധിയുടെ ലംഘനവുമാണ് എസ്.എച്ച്.ഒയുടെ പ്രവര്‍ത്തിയെന്നും എസ്.എച്ച്.ആര്‍.സി അറിയിച്ചു.
അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്തതായി എസ്.എച്ച്.ആര്‍.സി ചെയര്‍പേഴ്‌സണ്‍ ഇഖ്ബാല്‍ ദേത്തോ അറിയിച്ചു.
ഇസ്‌ലാം മതവിശ്വാസ പ്രകാരം വ്രതാനുഷ്ഠാനം പിന്തുടരാന്‍ ബാധ്യസ്ഥരായവരെ മാത്രമേ റമളാന്‍ മാസത്തിലെ വ്രത സമയങ്ങളില്‍ പൊതുസ്ഥലത്ത് ഭക്ഷണം കഴക്കുന്നതില്‍ നിന്ന് വിലക്കാവൂ എന്നാണ് റമളാന്‍ ഓര്‍ഡിനന്‍സില്‍ പറയുന്നത്.
Conent Hihlights: Hindu shopkeeper attacked for eating during ramadan; A policeman is suspended in Pakistan