|

ഹിന്ദുവികാരം വ്രണപ്പെടുന്നു; നവരാത്രിക്കാലത്ത് ദല്‍ഹിയിലെ ഇറച്ചിക്കടകള്‍ അടച്ചിടണം: ബി.ജെ.പി എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദുവികാരം വ്രണപ്പെടുന്നതിനാല്‍ നവരാത്രിക്കാലത്ത് ഇറച്ചിക്കടകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എമാര്‍. ബി.ജെ.പി എം.എല്‍.എമാരായ രവീന്ദര്‍ നേഗിയുടെയും നീരജ് ബസോയുടേതുമാണ് വിചിത്ര വാദം.

മട്ടണ്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ഇറച്ചി കടകള്‍ ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുമെന്നാണ് എം.എല്‍.എമാരുടെ വാദം. മുമ്പ് ദല്‍ഹിയില്‍ അധികാരത്തിലിരുന്ന ആം ആദ്മി പാര്‍ട്ടി ഇറച്ചി കടകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.

നവരാത്രിക്കാലത്ത് ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ പോലും ഇറച്ചിക്കടകള്‍ തുറക്കാറുണ്ടെന്നും നവരാത്രി ഹിന്ദുക്കളുടെ ഉത്സവമാണെന്നും ഇറച്ചിക്കടകള്‍ കാണുന്ന തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ബി.ജെ.പി എം.എല്‍.എമാര്‍ ആരോപിക്കുന്നു.

അതേസമയം ഈദിന് പായസം കുടിച്ചാല്‍ (സേവിയാന്‍)  ആടിനെ അറുക്കേണ്ട ആവശ്യമില്ലെന്നും ദല്‍ഹിയിലുടനീളം തന്റെ നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കിലും തന്റെ മണ്ഡലമായ പട്പര്‍ഗഞ്ച് മണ്ഡലത്തില്‍ കടകള്‍ അടച്ചിടുമെന്നും രവീന്ദര്‍ നേഗി പറഞ്ഞു.

അടച്ചിടാനായി തന്റെ മണ്ഡലത്തില്‍ എല്ലാ ശ്രമങ്ങള്‍ നടത്തുമെന്നും താന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേറ്ററായിരുന്ന കാലഘട്ടത്തില്‍ ഇതേ വിഷയത്തിനായി വാദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നവരാത്രി സമയത്ത് ഇറച്ചിക്കടകള്‍ അടച്ചിടണമെന്നും ഈ ഇറച്ചിക്കടകള്‍ ജനവാസ മേഖലകളില്‍ പാടില്ലെന്നുമാണ് മറ്റൊരു എം.എല്‍.എയായ നീരജ് ബസോയയുടെ വാദം. ഇറച്ചി വില്‍പ്പനക്കാര്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നുവെന്നും റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാന്‍ തങ്ങള്‍ കത്തെഴുതുമെന്നും എം.എല്‍.എ പറഞ്ഞു.

നവരാത്രി സമയത്ത് മാത്രമല്ല, വര്‍ഷം മുഴുവനും റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ മാംസക്കടകള്‍ അനുവദിക്കരുതെന്നും അത്തരം സ്ഥാപനങ്ങള്‍ വാണിജ്യ മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ബസോയ വാദിക്കുന്നു.

സമീപകാലത്ത് ഗണ്യമായ തോതില്‍ മാംസക്കടകള്‍ തുറന്നിട്ടുണ്ടെന്നും ആം ആദ്മി പാര്‍ട്ടി അവരുടെ ഭരണകാലത്ത് അവയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പറഞ്ഞ ബന്‍സോയ നഗരത്തിലെ ഈ കടകള്‍ അടച്ചുപൂട്ടുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രിക്കും, ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്കും, ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും താന്‍ കത്തെഴുതുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlight: Hindu sentiments are being hurt; meat shops in Delhi should be closed during Navratri: BJP MLAs

Latest Stories

Video Stories