| Monday, 25th April 2022, 7:46 am

ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്റര്‍ പതിച്ച് ഹിന്ദു സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനത്തിന് മുമ്പില്‍ പോസ്റ്റര്‍ പതിപ്പിച്ച് ഹിന്ദു സേന. രാജ്യത്ത് ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ പ്രതികരിക്കുന്നില്ലെന്നും മൗനം പാലിക്കുന്നു എന്നും കാണിച്ചാണ് ഹിന്ദു സേന പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.

പോസ്റ്റര്‍ പതിപ്പിച്ചതിനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തിക്കിടെ ഹിന്ദു – മുസ്‌ലിം സംഘട്ടനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് ഇതിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇതുവരെ തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ദല്‍ഹി പൊലീസ് അറിയിച്ചു, ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

ഹിന്ദു സേന പ്രവര്‍ത്തകര്‍ തന്നെയാണ് അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനത്ത് പോസ്റ്റര്‍ പതിപ്പിച്ചതെന്ന് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ മൗനം കാരണമാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്നും ഗുപ്ത പറഞ്ഞു.

ഹനുമാന്‍ ജയന്തി ദിവസം ആയുധങ്ങളുമായി ജഹാംഗീര്‍പുരിയില്‍ സംഘടിച്ചെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ കല്ലെറിയുകയും ആക്രമണം നടത്തിയെന്നുമാരോപിച്ചായിരുന്നു ഇരു വിഭാഗവും ഏറ്റമുട്ടിയത്. ഇതിന് പ്രതികാരമെന്നോണം പ്രദേശത്തെ മുസ്‌ലിങ്ങളുടെ വീടുകളും കെട്ടിടങ്ങളും ദല്‍ഹി മേയറുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയിരുന്നു.

സുപ്രീംകോടതി പൊളിക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടും, ഉത്തരവ് കൈയില്‍ കിട്ടിയിട്ടില്ല എന്ന കാരണം കാണിച്ച് മേയറും സംഘവും പൊളിക്കലുമായി മുന്നോട്ട് പോവുകയായിരുന്നു.

എന്നാല്‍, സുപ്രീംകോടതി വിധി മേയറെ അറിയിച്ചതിന് ശേഷം നടന്ന എല്ലാ പൊളിച്ചുനീക്കലുകളും ഗൗരവമായി കാണുമെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കേസ് എടുക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന ജഹാംഗീര്‍പുരിയിലെ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളാണ് ബുള്‍ഡോസര്‍ തകര്‍ത്തത്.

‘കലാപകാരി’കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍.ഡി.എം.സി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്.

നോട്ടീസ് പോലും നല്‍കാതെയാണ് തങ്ങളുടെ കടകളും താമസകേന്ദ്രങ്ങളും പൊളിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Content Highlight: Hindu Sena members put up inflammatory posters outside Congress HQ

Latest Stories

We use cookies to give you the best possible experience. Learn more