ന്യൂദല്‍ഹി: അജ്മീര്‍ ദര്‍ഗയില്‍ ഉറൂസ് പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചാദര്‍ സമര്‍പ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. ഖ്വാജ മൊയനുദ്ദീന്‍ ചിഷ്തിയുടെ ഉറൂസ് പ്രമാണിച്ച് നരേന്ദ്ര മോദി ചാദര്‍ സമര്‍പ്പിക്കുന്നതിന് താത്ക്കാലിക വിലക്ക് ആവശ്യപ്പെട്ടാണ് ഹരജിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്ദുസേന അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് താത്ക്കാലിക വിലക്ക് ആവശ്യപ്പെട്ട് അപേക്ഷയും സ്യൂട്ടും നല്‍കിയത്. അജ്മീര്‍ ദര്‍ഗ നിര്‍മിച്ചത് ശിവക്ഷേത്രത്തിന്റെ മുകളിലാണെന്ന് അവകാശപ്പെട്ട് അജ്മീര്‍ കോടതിയില്‍ ഹരജി നല്‍കിയതും വിഷ്ണു ഗുപ്തയാണ്.
അജ്മീര്‍ ദര്‍ഗയുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കെ ചാദര്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്രത്തിനും ന്യായമായ വാദം കേള്‍ക്കാനുള്ള അവകാശത്തിനും വിള്ളലുണ്ടാക്കുന്നുവെന്നാണ് ഹരജിക്കാരന്റെ വാദം.
അതേസമയം ഖ്വാജ മൊയ്‌നുദ്ദീന്‍ ചിഷ്തിയുടെ ഖബര്‍ സ്ഥിതിചെയ്യുന്ന ദര്‍ഗ പൊളിച്ചുനീക്കി സര്‍വേ നടത്താനും ക്ഷേത്രം പുനര്‍നിര്‍മിക്കാനുമുള്ള നിര്‍ദേശം നല്‍കണമെന്നും വിഷ്ണു ഗുപ്ത ആവശ്യപ്പെടുന്നുണ്ട്.
അജ്മീര്‍ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്നവകാശപ്പെടുകയും അതിനാല്‍ ആരാധന ആരംഭിക്കാന്‍ നിര്‍ദേശം നല്‍ണമെന്നുമാവശ്യപ്പെട്ടാണ് ഹിന്ദു സംഘടന കോടതിയില്‍ നേരത്തെ ഹരജി സമര്‍പ്പിച്ചത്. അജ്മീര്‍ ദര്‍ഗയെ സങ്കട് മോചന്‍ മഹാദേവ ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ദര്‍ഗയ്ക്ക് ഏതെങ്കിലും രജിസ്‌ട്രേഷന്‍ ഉണ്ടെങ്കില്‍ അത് റദ്ദാക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം.
ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതി കേസ് അംഗീകരിക്കുകയും ദര്‍ഗാ കമ്മിറ്റിക്കും പുരാവസ്തു വകുപ്പിനും നോട്ടീസ് അയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദര്‍ഗയില്‍ പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്നും ആരാധനയ്ക്ക് അനുമതി നല്‍കണമെന്നുമാണ് ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത ഹരജിയില്‍ ആവശ്യപ്പെടുന്നത്. അജ്മീറിലെ ദര്‍ഗയില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹര്‍ദയാല്‍ ശാരദ എഴുതിയ പുസ്തകം ഉദ്ധരിച്ച് ഹരജിക്കാരനായ വിഷ്ണു ഗുപ്തയ്ക്കുവേണ്ടിയാണ് കേസ് ഫയല്‍ ചെയ്തത്.
ഇന്നലെയാണ് (വെള്ളിയാഴ്ച) നരേന്ദ്രമോദി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയും ന്യൂനപക്ഷകാര്യ മന്ത്രിയുമായ കിരണ്‍ റിജിജുവിന് ചാദര്‍ കൈമാറിയത്. ഇന്ന് ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിക്കാനായിരുന്നു തീരുമാനം. അതേസമയം 2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതുമുതല്‍ ദര്‍ഗയില്‍ ചാദര്‍ സമര്‍പ്പിക്കാറുണ്ടെന്നും ഇത് പത്താം തവണയാണ് സമര്‍പ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Hindu Sena has filed a petition in the Supreme Court seeking a ban on the presentation of chadar by the Prime Minister at Ajmer Dargah