ന്യൂദല്‍ഹി: വ്യാജ സന്യാസിമാരുടെ ലിസ്റ്റ് പുറത്തുവിട്ട് ഹിന്ദു സന്യാസികളുടെ ഉന്നത സമിതിയായ അഖില്‍ ഭാരതീയ അക്ഷര പരിഷത്ത്. ഇവര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ദേര സച്ചാ സൗദാ ചീഫ് ഗുര്‍മീത് റാം റഹീം സിങ് തടവിലായ സാഹചര്യത്തിലാണ് എ.ബി.എ.പി ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗുര്‍മീത് റാം റഹീമിനു പുറമേ ഹരിയാനയിലെ രാംപാല്‍, ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ആശാറാം, അദ്ദേഹത്തിന്റെ മകന്‍ നാരായണന്‍ സായി, സ്വാമി നരേന്ദ്ര ഗിരി, രാധേ മാ, ഓം ബാബ, ശിവമൂര്‍ത്തി ദ്വിവേദി, ഓം നമ ശിവയ് ബാബ, ആചാര്യ കുഷ്മുനി, ബ്രഹസ്പതി ഗിരി, മല്‍ഖാന്‍ സിങ്, അസീമാനന്ദ് എന്നിവരാണ് എ.ബി.എ.പി പുറത്തുവിട്ട വ്യാജന്മാരുടെ ലിസ്റ്റിലുള്‍പ്പെട്ടത്.
ഇവരെ സൂക്ഷിക്കണമെന്ന് സംഘടന ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. ” യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഇത്തരം കപടവേഷധാരികളെ സാധാരണക്കാര്‍ സൂക്ഷിക്കണം. ഇവരുടെ ചെയ്തികള്‍ സന്യാസി സമൂഹത്തിനു തന്നെ അപമാനമാണ്.” എ.ബി.എ.പി പറയുന്നു.
അലഹബാദിലെ അലാഹാപൂരില്‍ ചേര്‍ന്ന വിവിധ അക്ഷരകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിനുശേഷമാണ് ഇത്തരമൊരു ലിസ്റ്റ് പുറത്തുവിട്ടത്. ഈ ലിസ്റ്റിന്റെ കോപ്പി കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അയക്കുമെന്നും എ.ബി.എ.പി അറിയിച്ചിട്ടുണ്ട്. ഇത്തരം ആളുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിയമം കൊണ്ടുവരാനും ആവശ്യപ്പെടുമെന്ന് സംഘടന അറിയിച്ചു.
ദിപാവലിയ്ക്കുശേഷം 28 വ്യാജ സന്യാസിമാരുടെ പേരുകളടങ്ങിയ മറ്റൊരു ലിസ്റ്റും പുറത്തുവിടുമെന്ന് എ.ബി.എ.പി അറിയിച്ചു.