ജലസമാധിയില്ല; സന്യാസി വീട്ടു തടങ്കലില്‍
national news
ജലസമാധിയില്ല; സന്യാസി വീട്ടു തടങ്കലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd October 2021, 6:20 pm

ഡെറാഡൂണ്‍: ഒക്ടോബര്‍ രണ്ടിനകം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജല സമാധിയടയുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദു സന്യാസി ആചാര്യ മഹാരാജ് വീട്ടുതടങ്കലില്‍. ജല സമാധിക്ക് തയ്യാറെടുക്കവെയാണ് യു.പി പൊലീസ് ഇയാളെ വീട്ടുതടങ്കലിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒക്ടോബര്‍ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയടയും എന്ന് മഹാരാജ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ എല്ലാ മുസ്‌ലിങ്ങളുടേയും ക്രിസ്ത്യാനികളുടേയും പൗരത്വം ഔദ്യോഗികമായി റദ്ദാക്കണമെന്നും ഇന്ത്യയെ പൂര്‍ണമായും ഹിന്ദു രാഷ്ട്രമാക്കണെമെന്നായിരുന്നു മഹാരാജ് ആവശ്യപ്പെട്ടിരുന്നത്. അല്ലാത്ത പക്ഷം താന്‍ സമാധിയടയുമെന്നും ഇയാള്‍ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 28നായിരുന്നു ആചാര്യ മഹാരാജ് ജലസമാധി ഭീഷണിയുമായി രംഗത്തെത്തിയത്.

ആചാര്യ മഹാരാജ് വീട്ടു തടങ്കലിലാണ് എന്നാണ് അയാളുടെ അനുയായികള്‍ അറിയിച്ചത്. വീടിന് പുറത്തിറങ്ങാന്‍ അധികാരികള്‍ അനുവദിക്കുന്നില്ലെന്നും പൊലീസ് ഇയാളുമായി ചര്‍ച്ച നടത്തുകയാണെന്നും അനുയായികള്‍ അറിയിച്ചു.

താന്‍ എപ്രകാരമാണ് ജലസമാധി വരിക്കുന്നതെന്ന് വിശദീകരിക്കുന്ന ആചാര്യ മഹാരാജിന്റെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ഇയാളുടെ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ഇയാള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Hindu Sanyasi demanded for Hindu Rashtra is under house arrest