'മഹാഭാരതവും രാമായണവും നിറയെ ഹിംസ നിറഞ്ഞ സംഭവങ്ങളാണ്': പ്രഗ്യാ സിംഗിനെ കടന്നാക്രമിച്ച് സീതാറാം യെച്ചൂരി
ഭോപ്പാൽ: ബി.ജെ.പിയുടെ ഭോപ്പാൽ ലോക് സഭാ സ്ഥാനാർത്ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂറിനെ കടന്നാക്രമിച്ച് സി.പി.ഐ.എം. ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാഭാരതത്തിലും രാമായണത്തിലും മുഴുവൻ ഹിംസ നിറഞ്ഞ സംഭവങ്ങളാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ‘ഹിന്ദുക്കൾ അഹിംസയിൽ വിശ്വസിക്കുന്നവരല്ല’ എന്ന് പ്രഗ്യ സിംഗ് പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
‘നിരവധി രാജാക്കന്മാർ ഇന്ത്യയിൽ യുദ്ധങ്ങൾ നടത്തിയിട്ടുമുണ്ട്. മഹാഭാരതത്തിലും രാമായണത്തിലും ഇത്തരത്തിലുള്ള സംഭവങ്ങളുടെ വിവരണം ഉണ്ട്. നിങ്ങൾ ഇതിഹാസങ്ങളുടെ ഒരു ‘പ്രചാരക്’ ആയിട്ടുപോലും നിങ്ങൾ പറയുന്നത് ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കുന്നില്ലെന്നാണ്. ഹിംസയിൽ അഭിരമിക്കുന്ന ഒരു മതത്തിന്റെ ഭാഗമായിട്ടുപോലും ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കുന്നില്ല എന്ന് നിങ്ങൾ പറയുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്?’ യെച്ചൂരി ചോദിച്ചു. ബി.ജെ.പി. ഹിന്ദുത്വ അജണ്ടയാണ് പ്രചരിപ്പിക്കാൻ നോക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപായി ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 35എയും സെൿഷൻ 370 എടുത്തുമാറ്റാൻ ശ്രമം നടത്തിയവരാണ് ബി.ജെ.പി. എന്നും തർക്കഭൂമിയിൽ രാമക്ഷേത്രം പണിയാൻ നോക്കിയവരാണ് ബി.ജെ.പി. എന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. മലേഗാവ് സ്‍ഫോടന കേസിൽ കുറ്റാരോപിതയായ പ്രഗ്യയെ ബി.ജെ.പി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറക്കിയത് പോലും ജനങളുടെ വികാരങ്ങൾ ആളിക്കത്തിക്കാനാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
അശോകചക്രവർത്തി ബുദ്ധമതം സ്വീകരിച്ച ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് രാജ്യത്തിന് അഹിംസയുടെ പാരമ്പര്യമാണ് ഉള്ളതെന്നും യെച്ചൂരി പറഞ്ഞു. മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നത് സ്വന്തം വിശ്വാസത്തെ നശിപ്പിക്കലാണെന്നു അശോകൻ ചക്രവർത്തിയുടെ ശാസനപത്രങ്ങളിൽ(ഈഡിക്റ്റ്) പറഞ്ഞിരിക്കുന്നതും യെച്ചൂരി ഓർമിപ്പിച്ചു. ഹിന്ദുത്വത്തെ ഹിന്ദുയിസത്തിൽ നിന്നും വ്യത്യസ്തമായാണ് വി.ഡി. സവർക്കർ പറഞ്ഞിരിക്കുന്ന കാര്യവും യെച്ചൂരി ചൂണ്ടിക്കാട്ടി.
ഇത്തരം ചരിത്രസത്യങ്ങൾ നിലനിൽക്കുമ്പോൾ ഹിന്ദുക്കൾ ഹിംസയിൽ വിശ്വസിക്കില്ലെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യയിൽ ‘സദാചാരം നിലനിർത്താൻ വേണ്ടി പൊരുതുന്ന സംഘ്പരിവാറിന്റെ സ്വകാര്യ സൈന്യത്തെ’യും യെച്ചൂരി വിമർശിച്ചു. ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ്‌വിജയ് സിംഗിന് ജനങ്ങൾ വോട്ട് ചെയ്‌തുകൊണ്ട് പ്രഗ്യയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനും യെച്ചൂരി ആവശ്യപ്പെട്ടു.
യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ബി.ജെ.പി. എം.പി. സുബ്രമണ്യം സ്വാമി രംഗത്ത് വന്നു. ഹിംസയിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയുടെ ഭാഗമാണ് യെച്ചൂരിയെന്നും അവരുടേത് ‘വിപ്ലവ ഹിംസ’യാണെന്നാണ് സ്വാമി പറഞ്ഞത്. ഹിന്ദുക്കളെ ഹിംസാവാദികൾ എന്ന് വിളിച്ച യെച്ചൂരി സ്വന്തം പേര് മാറ്റി ‘മാർക്സ്’ എന്നോ ‘ലെനിൻ’ എന്നോ ആക്കി മാറ്റണമെന്നും സുബ്രമണ്യം സ്വാമി പരിഹസിച്ചു. ശിവസേന എം.പി. സഞ്ജയ് രാവത്തും സുബ്രമണ്യം സ്വാമിയുടെ വാക്കുകൾ ഏറ്റുപിടിച്ചു.