| Thursday, 12th May 2022, 9:41 pm

ഹിന്ദു രാഷ്ട്രത്തിനര്‍ത്ഥം അഹിന്ദുക്കള്‍ക്ക് ഇടമില്ലെന്നല്ല: ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന പ്രസ്താവനയെ ന്യായീകരിച്ച് അംബാല ബി.ജെ.പി എം.എല്‍.എ അസീം ഗോയല്‍.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്നത് കൊണ്ട് അന്യമതസ്ഥര്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നല്ല ഉദ്ദേശിക്കുന്നതെന്നും എല്ലാവരേയും ഒത്തുചേര്‍ക്കാന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാന നിയമസഭയില്‍ അംബാലയെ പ്രതിനിധീകരിക്കുന്ന അസീം കഴിഞ്ഞ ദിവസമാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുത്തത്.

100 കോടി ഹിന്ദുക്കള്‍ താമസിക്കുന്ന രാജ്യത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്നത് ന്യായമല്ലേയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അംബാല ജില്ലയിലെ മുല്ലാനയില്‍ ബുധനാഴ്ച ചേര്‍ന്ന പൊതുയോഗത്തിലായിരുന്നു അസീമിന്റെ പരാമര്‍ശം.

ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി എന്ത് പ്രയാസവും നേരിടാന്‍ തയ്യാറായിരിക്കണമെന്നും അസീം യോഗത്തില്‍ പറഞ്ഞിരുന്നു. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന പ്രസ്താവന കൊണ്ട് അഹിന്ദുക്കള്‍ക്കോ മറ്റ് വിശ്വാസങ്ങള്‍ക്കോ രാജ്യത്ത് സ്ഥാനമില്ലെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഹിന്ദുക്കള്‍ക്ക് സ്ഥാനമില്ലെന്ന് പറയുന്നത് ശരിയല്ല. ഹിന്ദു സഹോദരങ്ങള്‍ മുസ്‌ലിം രാജ്യങ്ങളിലും മറ്റ് മത രാജ്യങ്ങളിലും ജീവിക്കുന്നതിന് സമാനമായിരിക്കും ഹിന്ദുരാഷ്ട്രമെന്ന ആശയമെന്നും അസീം കൂട്ടിച്ചേര്‍ത്തു.

Content Highlight: Hindu Rashtra doesn’t mean non-Hindus have no place: BJP MLA

We use cookies to give you the best possible experience. Learn more