| Monday, 11th April 2016, 12:54 pm

സംഘികളുടെ വിഷമുള്ളില്‍ നിന്നും കേരളത്തെ ദൈവം രക്ഷിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുറച്ചുകാലം മുമ്പ്, എന്തായാലും അധികകാലമായിട്ടില്ല, കേരളത്തിലെ ഒരു ഇടത്തരം നഗരത്തില്‍ ശ്രീകൃഷ്ണ ജയന്തിക്ക് തലേദിവസം ബോംബ് നിര്‍മ്മിക്കുന്നതിനിടെ പൊട്ടി ഒരു ആര്‍.എസ്.എസുകാരന്‍ മരിച്ചിരുന്നു. ഇതില്‍ ഒരു പോലീസ് ഓഫീസര്‍ പ്രതികരണം “കേരളത്തെ ദൈവം രക്ഷിച്ചു” എന്നായിരുന്നു.

കൊല്ലത്ത് 110 ഓളം പേരുടെ ജീവനെടുത്ത ദുരന്തത്തിനുമേല്‍ വര്‍ഗീയ ഛായം പൂശാനുള്ള ശ്രമങ്ങളും അതിനെതിരായ ശക്തമായ ചെറുത്തുനില്‍പ്പും കാണുമ്പോള്‍ ഇതുതന്നെയാണ് പറയാനുള്ളത്. “കേരളത്തെ ദൈവം രക്ഷിച്ചു”

വെടിക്കെട്ടു ദുരന്തത്തിനു പിന്നാലെ അത് സി.പി.ഐ.എമ്മിന്‍െയും മുസ്‌ലീങ്ങളുടെയും തലയില്‍ കെട്ടിവെച്ച് വര്‍ഗീയവും രാഷ്ട്രീയവുമായ മുതലെടുപ്പിനാണ് ദേശീയ തലത്തില്‍ ഹിന്ദുത്വ സംഘടനകളും അനുഭാവികളും നടത്തുന്നത്.. ട്വിറ്റര്‍ പോലുള്ള സമൂഹ മാധ്യമങ്ങളാണ് ഈ കുപ്രചരണത്തിന് ഉപയോഗിക്കുന്നത്.

ഓം ഹിന്ദു ക്രാന്തി ആര്‍.എസ്.എസ്, വന്ദന ജെയ്ന്‍, മീന ദാസ് നാരായണ്‍ തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് പ്രധാനമായും ഇതിന് ശ്രമങ്ങള്‍ നടക്കുന്നത്. ഇതില്‍ പലതും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ദേശീയ നേതാക്കള്‍ ഫോളോ ചെയ്യുന്നത് അക്കൗണ്ടുകളാണ്. മീന ദാസ് നാരായണ്‍ എന്ന അക്കൗണ്ടില്‍ അവരുടെ പ്രൊഫൈലില്‍ തന്നെ


Don”t Miss:വെടിക്കെട്ട് അപകടത്തിനു കാരണം ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചത്.: സ്വരൂപാനന്ദ സരസ്വതി


അവകാശപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്ന അക്കൗണ്ടാണ് തന്റേത് എന്നാണ്.

കൊല്ലം ദുരന്തത്തെ വര്‍ഗീയമായി ചിത്രീകരിക്കാനും രാഷ്ട്രീയമായി ഉപയോഗിക്കാനും ഇപ്പോഴും ശക്തമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മീനാ ദാസ് നാരായണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട്. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും കലാകാരിയുമൊക്കെയാണ് ഈ അക്കൗണ്ട് ഉടമയുടെ പ്രൊഫൈലില്‍ പറയുന്നത്. കൊല്ലവുമായി തനിക്ക് അടുത്തബന്ധമുണ്ടെന്ന് അവര്‍ ട്വീറ്റുകളിലൂടെ അവകാശപ്പെടുന്നുമുണ്ട്.

കൊല്ലം ക്ഷേത്രത്തിനു സമീപം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയെന്ന എ.എന്‍.ഐ ട്വീറ്റിന്റെ ചുവടുപിടിച്ചാണ് മീനാ ദാസ് നാരായണ്‍ വര്‍ഗീയ പ്രചരണം നടത്തുന്നത്. പ്രസ്തുത ട്വീറ്റ് എ.എന്‍.ഐ തന്നെ പിന്നീട് തിരുത്തുകയും സ്‌ഫോടകവസ്തു എന്നതിനു പകരം പടക്കങ്ങള്‍ എന്നാക്കി മാറ്റുകയും തെറ്റുപറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ഖേദപ്രകടനം പോലും മുതലെടുക്കുകയാണ് മീനാ ദാസ് നാരായണ്‍ ട്വിറ്റുകളിലൂടെ ചെയ്തത്. “എന്ത് സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് എ.എന്‍.ഐ തിരുത്തിയത്” അവര്‍ ഒരു ട്വീറ്റിലൂടെ ചോദിക്കുന്നത്. കൊല്ലം ദുരന്തത്തിനു പിന്നില്‍ കമ്മ്യൂണിസ്റ്റുകളോ കോണ്‍ഗ്രസുകാരോ ജിഹാദികളോ ആണ് എന്നുറപ്പാണ് എന്നാണ് അവര്‍ പറയുന്നത്.

“കൊല്ലം ദുരന്തത്തിനു പിന്നില്‍ കമ്മ്യൂണിസ്റ്റുകളോ കോണ്‍ഗ്രസുകാരോ ജിഹാദികളോ ആണെന്ന് ഉറപ്പാണ്. ഹിന്ദുക്കള്‍ സ്വയം സംരക്ഷിക്കുക, കുമ്മനത്തെപ്പോലുള്ള ആളുകള്‍ക്ക് വോട്ടു ചെയ്യുക” എന്നാണ് ഇവര്‍ ഒരുട്വീറ്റില്‍ പറയുന്നത്.

മീരാ ദാസ് നാരായണിന്റെ പ്രൊഫൈല്‍ ചിത്രം

“ചായുന്ന മാധ്യമങ്ങളെ ശ്രദ്ധിക്കൂ. ഹിന്ദു പാരമ്പര്യങ്ങളെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് ഗുണ്ടകളുണ്ട്. അവര്‍ നമ്മുടെ ഉത്സവങ്ങളിലെ വെടിക്കെട്ട് അവസാനിപ്പിക്കണമെന്നു പറയുന്നു.”

“മാധ്യമങ്ങള്‍ ഹിന്ദുവിരുദ്ധരുടെ വക്താക്കളെ കാണുകയും കേരളത്തിലെ ക്ഷേത്രങ്ങളിലെ ആഘോഷങ്ങളെ അപലപിക്കുകയും ചെയ്യുന്നു. പള്ളികളും ക്രിസ്ത്യന്‍ ദേവാലയങ്ങളിലും കടക്കാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ?”

” ഇന്ത്യന്‍ മാധ്യമങ്ങള്‍ ക്ഷേത്രവെടിക്കെട്ടിനെക്കുറിച്ച് വാചാലരാകുമ്പോള്‍ അതിനര്‍ത്ഥം ഹിന്ദുക്കളെ പരിഹസിക്കാന്‍

കോണ്‍ഗ്രസുകാരോ കമ്മ്യൂണിസ്റ്റുകാരോ ജിഹാദികളോ ഗൂഢാലോചന നടത്തുകയാണെന്നാണ്.”

തുടങ്ങി കൊല്ലം വിഷയത്തില്‍ ട്വീറ്റുകളുടെ ഒരു നിര തന്നെയുണ്ട് മീന ദാസ് നാരായണിന്റെ അക്കൗണ്ടില്‍. കൊല്ലം ദുരന്തം കോണ്‍ഗ്രസോ, സി.പി.ഐ.എമ്മോ, ജിഹാദികളോ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നത്.

ഇതിനിടെ ഒരു ട്വീറ്റില്‍ ക്ഷേത്രം തന്നെ തകര്‍ന്നെന്ന തരത്തിലാണ് അവര്‍ പറയുന്നത്. ” പടക്കംപൊട്ടിയതു കൊണ്ട് ഒരു ക്ഷേത്രം തന്നെ തകരുമോ, കോണ്‍ഗ്രസുകാരെ മറ്റെന്തെങ്കിലും നുണക്കഥ പറയൂ” അവര്‍ പറയുന്നു.

“ഉമ്മന്‍ചാണ്ടിക്കു കീഴിലുള്ള കേരള സര്‍ക്കാര്‍ ക്ഷേത്രത്തിന്റെ പണം ഉപയോഗിച്ച് പള്ളികള്‍ക്കും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ഭൂമി അനുവദിക്കുകയും ചെയ്യുന്നു.” മറ്റൊരു ട്വീറ്റില്‍ അവര്‍ പറയുന്നു. തന്റെ മുത്തശ്ശിയ്ക്കും അമ്മയ്ക്കുമൊപ്പം കൊല്ലം സന്ദര്‍ശിച്ച തനിക്ക് ആ ക്ഷേത്രത്തോട് വൈകാരികമായി അടുപ്പമുണ്ടെന്നും അവര്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്.

ദ ലോട്ട് പോട്ട് ഡോട്ട് കോം എന്ന വെബ്‌സൈറ്റും കൊല്ലത്ത് നടന്നത് സ്‌ഫോടനമാണെന്ന കണ്ടെത്തല്‍ നടത്തുന്നുണ്ട്. “സമാന്യബുദ്ധി” എന്ന വാദമാണ് ഇത്തരമൊരു കണ്ടെത്തലിന് അടിസ്ഥാനമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് എ.എന്‍.ഐയുടെ റിപ്പോര്‍ട്ടിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഗ്രാനൈറ്റ് ക്വാറിയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സ്‌ഫോടക വസ്തുക്കളാണ് കൊല്ലത്തുള്ളതെന്നാണ് അവരുടെ കണ്ടെത്തല്‍.

കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പല ഇടങ്ങളിലും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞാണ് ഈ മഹത്തായ കണ്ടെത്തല്‍ അവര്‍ അവസാനിപ്പിക്കുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ (ഇതില്‍ പോലും വലിയ ധാരണയില്ല) ഹിന്ദുക്കളോട് ചെയ്യുന്ന ക്രൂരതയുടെ മറ്റൊരു തെളിവാണിതെന്നും പറയുന്നുണ്ട്.

“കേരളത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുകയാണ്. പല ഭീഷണികളും നേരിടുകയാണ്. കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ എങ്ങനെയാണ് ഹിന്ദുക്കളെ നശിപ്പിക്കുന്നതെന്നും ദുരിതത്തിലേക്കു തള്ളുന്നതെന്നും ഹിന്ദു ക്ഷേത്രത്തിനുനേരെയുള്ള ഈ ആക്രമണത്തിലൂടെ മനസിലാവും.” റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.പി.ഐ.എമ്മും മുസ്‌ലീങ്ങളുമാണ് ഈ ആക്രമണത്തിനു പിന്നില്‍ എന്നാണ് ഒാം ഹി്ന്ദു ക്രാന്തി ആര്‍.എസ്.എസ് പ്രചരിപ്പിച്ചത്.

“ഇത് ഗൂഢാചോനയാണ്. സി.പി.ഐ.എം നിറഞ്ഞ കേരളത്തിലെ ദേവസ്വം ബോര്‍ഡാണ് ഇതിന് ഉത്തരവാദികള്‍. തീവ്രവാദ പശ്ചാത്തലമുള്ള അജ്ഞാതര്‍ക്ക് കരാര്‍ നല്‍കുകയാണ് ഇവര്‍ ചെയ്തത്.”

“കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് കണ്ണൂരില്‍ സി.പി.ഐ.എമ്മുകാരനായ മുസ്‌ലിം പടക്കനിര്‍മ്മാതാവ് അറസ്റ്റിലായിരുന്നു. അദ്ദേഹമാണ് സി.പി.ഐ.എം ഭീകരവാദികള്‍ക്ക് ബോംബ് എത്തിക്കുന്നത്.” എന്നീ ട്വീറ്റുകളിലൂടെയായിരുന്നു ഇവരുടെ പ്രചരണം. എന്നാല്‍ ഇതുവാര്‍ത്തയാവുകയും മലയാളികളില്‍ നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുകയും ചെയ്തതോടെ ഈ അക്കൗണ്ട് ട്വിറ്ററില്‍ നിന്നും അപ്രത്യക്ഷമായി.

ഇത്തരം കുപ്രചരണങ്ങള്‍ക്കെതിരെ ബി.ജെ.പി കേരള ഘടകം തന്നെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ബി.ജെ.പി ഐ.ടി സെല്‍ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു.

ദേശീയ തലത്തില്‍ ചില ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന ഈ കുപ്രചരണങ്ങള്‍ക്കെതിരെ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ ജനങ്ങള്‍ ശക്തമായി നിലകൊള്ളുന്നുണ്ട്. ഇത്തരം പ്രചരണങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടും കേരളീയര്‍ക്കിടയില്‍ ഇതുപോലുള്ള നീക്കങ്ങള്‍ വിലപ്പോകില്ലെന്നും പറഞ്ഞ് ട്വിറ്ററിലൂടെ തന്നെ പലരും ഇവര്‍ക്ക് മറുപടി നല്‍കുന്നുണ്ട്.

ജാതിമത വ്യത്യാസങ്ങളില്ലാതെ കേരളീയ ജനത ഒന്നടങ്കം ഈ ദു:ഖത്തില്‍ പങ്കുചേരുകയും രക്ഷാപ്രവര്‍ത്തനങ്ങളിലും മറ്റും മുന്‍കൈയെടുക്കുകയും ചെയ്യുന്ന വേളയിലാണ് ഇതുപോലുള്ള വിദ്വേഷ പ്രചരണങ്ങളുമായി ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നത്. ഒരു പക്ഷേ വര്‍ഗീയ കലാപങ്ങളിലേക്കും സാമുദായിക സംഘര്‍ഷങ്ങളിലേക്കും വരെ എത്താകുന്ന ഈ പ്രചരണങ്ങളെ പ്രബുദ്ധരായ കേരളീയര്‍ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും ചെറുത്തുതോല്‍പ്പിച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more