ഒരു 20 വര്‍ഷം ഒന്ന് കാത്തിരിക്കൂ; അറബികള്‍ ഇന്ത്യയില്‍ വന്ന് പണിയെടുക്കും: ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതന്‍
Kerala News
ഒരു 20 വര്‍ഷം ഒന്ന് കാത്തിരിക്കൂ; അറബികള്‍ ഇന്ത്യയില്‍ വന്ന് പണിയെടുക്കും: ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th June 2022, 2:40 pm

കോഴിക്കോട്: പെട്രോള്‍ ലോകത്തിന് ആവശ്യമില്ലാത്ത സമയം വരുമെന്നും അന്ന് അറബികള്‍ക്ക് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുമെന്നും ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതന്‍. കാലം കണക്കു തീര്‍ക്കാതെ പോകില്ലെന്നും 20 വര്‍ഷം ഒന്ന് കാത്തിരുന്നാല്‍ മതിയെന്നും സുഗതന്‍ പറഞ്ഞു.

അതിഥി തൊഴിലാളികളെയടക്കം അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് സുഗതന്റെ പ്രതികരണം.

‘ഇലക്ട്രിക് വാഹനങ്ങളും ഹൈഡ്രജന്‍ വാഹനങ്ങളും ലോകം സ്വീകരിക്കുന്നതോടെ പെട്രോള്‍ ലോകത്തിനു ആവശ്യമില്ലാത്ത സാധനമായിത്തീരും. അതോടെ അറബികള്‍ വീണ്ടും കാട്ടറബികളാകുകയും വികസനം നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍ ആഹാരത്തിന് പോലും ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുകയും ചെയ്യും.

ഇന്ന് ബംഗാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നപോലെ അറബികള്‍ കേരളത്തില്‍ പൊറോട്ടയടി, റോഡ് പണി, ടാപ്പിങ്, മുതലായ എല്ലാ തൊഴിലുകളും ചെയ്യേണ്ടി വരും. ഇസ്‌ലാമിക് തീവ്രവാദവും അതോടെ ലോകത്തില്‍ അവസാനിക്കും. ഒരു 20 വര്‍ഷം ഒന്ന് കാത്തിരിക്കൂ. കാലം കണക്കു തീര്‍ക്കാതെ പോകില്ല. അതു പ്രകൃതിയുടെ നിയമമാണ്. ഒരു കയറ്റത്തിന് ഇറക്കവും ഉണ്ട്,’ സി.പി. സുഗതന്‍ ഫേസ്ബുക്കില്‍ എഴുതി.

ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദയെ അപലപിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സി.പി. സുഗതന്റെ പോസ്റ്റ്.

പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം വന്നതിന് പിന്നാലെ ലോകരാജ്യങ്ങളില്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയായത് പോലെ സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത ആളിപ്പടര്‍ന്നിരുന്നു.

ടൈംസ് നൗ ചാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം ഉയര്‍ത്തിയത്. ചര്‍ച്ചയുടെ ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര്‍ നുപുര്‍ ശര്‍മയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച നടന്നത്.