കോഴിക്കോട്: കേരളാ ബി.ജെ.പിയില്‍ വലിയ മാഫിയ രൂപപ്പെട്ടുവന്നിട്ടുണ്ടെന്ന് ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി. സുഗതന്‍. കൊടകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലിലെ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ മാഫിയയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും കേന്ദ്ര നേതൃത്വത്തിന് ഇതില്‍ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവിഹിതമായി പണം സമ്പാദിക്കുന്നുണ്ട്. ബി.ജെ.പിയും അതിന്റെ ഭാഗമാണ്. ബി.ജെ.പിക്ക് കേന്ദ്രത്തില്‍ ഭരിക്കുന്ന പാര്‍ട്ടി എന്നുള്ള അഡ്വാന്റേജുണ്ട്.
തെലങ്കാനയില്‍ തുഷാര്‍ വെള്ളാപ്പള്ളി ഒരു കേസില്‍പ്പെട്ടു. എങ്ങനെയാണ് ഇവരൊക്കെ ഈ കേസില്‍ അകപ്പെടുന്നത്. കേരള ബി.ജെ.പിയില്‍ വലിയ മാഫിയ രൂപപ്പെട്ടുവന്നിട്ടുണ്ടെന്ന് സംഘപരിവാറിനെ പ്രതിനിധീകരിക്കുന്ന ഞാന്‍ ചങ്കൂറ്റത്തോടെ പറയുന്നു.
ഈ മാഫിയയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. അതിന് കേന്ദ്ര നേതൃത്വവുമായി യാതൊരു ബന്ധവുമില്ല. അമിത്ഷാ ഇത് അറിയുന്നില്ല,’ സി.പി. സുഗതന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ളതെല്ലാം രാഷ്ട്രീയ ആരോപണങ്ങളാണെന്നും മുഖ്യമന്ത്രി ചെമ്പില്‍ സ്വര്‍ണം കടത്തി എന്ന് പറയുന്നത് കോമണ്‍സെന്‍സുള്ളയാള്‍ വിശ്വസിക്കുമോ എന്നും സി.പി. സുഗതന്‍ ചോദിച്ചു.
കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും കേരള പൊലീസ് നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് കൊടകര വിഷയം വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത്.