| Saturday, 14th September 2019, 10:21 am

നവോത്ഥാന സംരക്ഷണസമിതിയില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനമെടുത്തിട്ടില്ല; സി.പി സുഗതന്റെ അഭിപ്രായം ഏകപക്ഷീയമെന്ന് ഹിന്ദു പാര്‍ലമെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണസമിതിയില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഹിന്ദു പാര്‍ലമെന്റ് ചെയര്‍മാന്‍ പി.ആര്‍ ദേവദാസ്. സി.പി സുഗതന്റെ അഭിപ്രായം ഏകപക്ഷീയമാണെന്നും ഒരാളെപ്പോലും കൂടെനിര്‍ത്താന്‍ സുഗതന് സാധിക്കില്ലെന്നും ദേവദാസ് പറഞ്ഞു.

ഇതോടെ നവോത്ഥാന സംരക്ഷണസമിതിയെ ചൊല്ലി ഹിന്ദു പാര്‍ലമെന്റിലെ തര്‍ക്കം മറ നീക്കീ പുറത്തുവന്നിരിക്കുകയാണ്. നേരത്തെ നവോത്ഥാന സംരക്ഷണസമിതിയുടെ നിയന്ത്രണം വെള്ളാപ്പള്ളി നടേശന്‍ , പുന്നലശ്രീകുമാര്‍ എന്നിവരിലേക്ക് ചുരുങ്ങിയെന്നായിരുന്നു ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി സുഗതന്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് 54 സമുദായ സംഘടനകളെയും കൂട്ടി ഹിന്ദു പാര്‍ലമെന്റ്, നവേത്ഥാന മൂല്യ സംരക്ഷണ സമിതിയില്‍ ചേര്‍ന്നത് എന്നും എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സി.പി.ഐ.എം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നുമാണ് ഹിന്ദു പാര്‍ലമെന്റ് പറയുന്നത്.

12 മുന്നാക്ക ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് വനിതാ മതില്‍ വിജയിപ്പിച്ചെന്നും കേവലം സംവരണ മുന്നണിയായി മാത്രം സമിതി മാറിയെന്നും സി.പി സുഗതന്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സമിതിയില്‍നിന്ന് ഹിന്ദു പാര്‍ലമെന്റ് പുറത്തുപോകാന്‍ ഉദ്ദേശിച്ചിട്ടില്ല. സമിതിയെ ആരെങ്കിലും ഹൈജാക്ക് ചെയ്തതായി തോന്നിയിട്ടില്ല. സി.പി സുഗതന്റെ അഭിപ്രായത്തിന് സംഘടന ഉത്തരവാദിയല്ലെന്നും ദേവദാസ് പറഞ്ഞു.

നേരത്തെ എന്ത് വില കൊടുത്തും നവോത്ഥാന മൂല്യം സംരക്ഷിക്കുമെന്ന് നവോത്ഥാന സംരക്ഷണ സമിതി ചെയര്‍മാനും എസ്.എന്‍.ഡി.പി അധ്യക്ഷനുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

സി.പി സുഗതന്‍ കടലാസ് പുലിയാണെന്നും എന്ത് വിലകൊടുത്തും എസ്.എന്‍.ഡി.പി നവോത്ഥാന മൂല്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി ഉണ്ടാക്കിയിരിക്കുന്നത്. സി.പി സുഗതന്റെ നിലപാടുകള്‍ ശരിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന സംരക്ഷണ സമിതി പിളരില്ലെന്ന് ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിവാദങ്ങള്‍ സമിതിയെ ബാധിക്കില്ലെന്നും പിന്തുണച്ചവര്‍ക്ക് ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു.

DoolNews Video

 

We use cookies to give you the best possible experience. Learn more