| Saturday, 14th July 2018, 10:50 am

'ഹിന്ദു പാകിസ്താന്‍' പരാമര്‍ശം; തരൂര്‍ ഹാജരാകണമെന്ന് കൊല്‍ക്കത്ത കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ കേസ്. രാജ്യത്തെ അപമാനിച്ചെന്നാരോപിച്ച് കൊല്‍ക്കത്തയില്‍ നിന്നുള്ള അഭിഭാഷകനായ സുമതി ചൗധരി നല്‍കിയ പരാതിയിലാണ് കേസ്. തരൂരിനോട് ഓഗസ്റ്റ് 14ന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഐ.പി.സി 153 എ/ 295 എ, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്‌സ് ടു നാഷണല്‍ ഹോണര്‍ ആക്ടിലെ സെക്ഷന്‍ 2, എന്നീ വകുപ്പുകള്‍ പ്രകാരമാണ് തരൂരിനെതിരെ കേസെടുത്തിട്ടുള്ളത്.

2019ല്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി ഭരണഘടന മാറ്റിയെഴുതുമെന്നും ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്നുമാണ് തരൂര്‍ പ്രസംഗിച്ചിരുന്നത്. ഹിന്ദുരാഷ്ട്ര സിദ്ധാന്തം വിഭാവനം ചെയ്യുന്ന ആശയങ്ങള്‍ നിറച്ചതായിരിക്കും ഇത്തരമൊരു ഭരണഘടനയെന്നും ഇത് ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന തുല്ല്യത ഇല്ലാതാക്കുമെന്നും തരൂര്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

തരൂരിന്റെ പ്രസംഗത്തിനെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു. ഇന്ത്യയെയും ഹിന്ദുക്കളെയും അപമാനിച്ചെന്നും തരൂരിന്റെ പ്രസംഗത്തിന് രാഹുല്‍ഗാന്ധി മാപ്പു പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. വിവാദമായതോടെ കോണ്‍ഗ്രസ് തരൂരിനെ താക്കീത് ചെയ്തിരുന്നു.

പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും താനിക്കാര്യം നേരത്തെയും പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്ന് നിലയ്ക്ക് “കുച്ച് തോ ലോഗ് കഹേംഗെ, ലോഗോം കാ കാം ഹെ കെഹ്നാ” എന്ന ഹിന്ദിഗാനം ട്വീറ്റ് ചെയ്ത് തരൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more