national news
മോനു മനേസറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ
ഗൂർഗാവ്: പശുവിനെ കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാൻ സ്വദേശികളെ ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മോനു മനേസർ ഉൾപ്പെടെയുള്ളവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ.
മോനു മനേസറിനെ വിട്ടയക്കണമെന്നും അന്വേഷണം എൻ.ഐ.എക്കോ സി.ബി.ഐക്കോ കൈമാറണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഗൂർഗാവിലെ മിനി സെക്രട്ടേറിയറ്റ് ഓഫീസിൽ പ്രകടനം നടത്തി. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ, ഗോരക്ഷാ ദൾ ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രകടനം നടത്തിയത്. ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്ത് അധികൃതർക്ക് കൈമാറി.
‘നൂഹിൽ ഗോഹത്യ സംഭവങ്ങൾ വർധിച്ചുവരികയാണ്. മോനു മനേസർ, മോനു റാണ, ഗോഗി, റിങ്കു സൈനി (ജുനൈദിന്റെയും നാസിറിന്റെയും കൊലപാതകത്തിൽ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തവർ) എന്നിവരെ ഞങ്ങൾക്ക് വിട്ടുകിട്ടണം,’ ഹിന്ദുത്വ സംഘടനാ നേതാവ് കുൽഭൂഷൺ ഭരദ്വാജ് ആരോപിച്ചു.
നൂഹ് ആക്രമണക്കേസുകളിൽ ഫിറോസ്പൂർ ജിർക്ക എം.എൽ.എ മാമൻ ഖാന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെയും അതൃപ്തി ഉയർന്നിരുന്നു.
‘ഖാനെ ചെറിയ വകുപ്പുകളിൽ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന് പുറത്തിറങ്ങാൻ എളുപ്പമാക്കി. നമ്മുടെ ഗോസംരക്ഷണ പ്രവർത്തകരെ കുറ്റമൊന്നും ചെയ്യാതെ ജയിലിലടച്ചു. ഞാൻ പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യർത്ഥിക്കുകയാണ്, ഗോഹത്യയും ലവ് ജിഹാദും ചെറുക്കുന്നതിന് സൈനികരെ മേവാത്തിൽ വിന്യസിക്കണം. 15 ശതമാനം ഹിന്ദുക്കൾ മാത്രമേ ഇവിടെയുള്ളൂ. ഇത് എതിർത്തില്ലെങ്കിൽ മേവാത്ത് കശ്മീരായി മാറും,’ ഗോരക്ഷാ ദൾ നേതാവ് ആചാര്യ ആസാദ് സിംഗ് ആര്യ ആരോപിച്ചു.
പശുക്കളെ കൊല്ലുന്നവരെ വെടിവെച്ച് കൊല്ലുക എന്നതുൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രതിഷേധക്കാരുടെ പ്രകടനം. നൂഹ് ആക്രമണത്തിൽ ജാമ്യത്തിലിറങ്ങിയ ബിട്ടു ബജ്‌റംഗിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് യാതൊരു പരിഗണനയുമില്ലെന്നും മോനുവിന് ജാമ്യം ലഭിച്ചില്ലെങ്കിൽ ഹിന്ദു സമൂഹം ഒന്നടങ്കം സംഘടിക്കുമെന്നും അയാൾ പറഞ്ഞു.
സ്വയരക്ഷക്കായി ഹിന്ദുക്കൾക്ക് ലൈസൻസുള്ള തോക്കുകൾ നൽകണമെന്നും ജില്ലയിൽ പശുവിനെ കൊല്ലുന്നവർക്ക് ശിക്ഷ വിധിക്കാൻ ആറ് മാസത്തിനുള്ളിൽ അതിവേഗ കോടതി കൊണ്ടുവരണമെന്നുമുൾപ്പെടെയുള്ള ആവശ്യങ്ങൾ ഹിന്ദുത്വ സംഘടനകൾ ഉന്നയിച്ചു.
കത്തിൽ അഭിസംബോധന ചെയ്തിട്ടുള്ള പ്രധാനമന്ത്രി, രാഷ്ട്രപതി, ഗവർണർ എന്നിവരുടെ ഓഫീസുകളിലേക്ക് കത്ത് കൈമാറിയതായി ഗൂർഗാവ് എസ്.ഡി.എം രവീന്ദർ യാദവ് അറിയിച്ചു.
Content Highlight: Hindu outfits stage protest; seek release of Monu Manesar accused in Junaid-Nasir murder case