മുംബൈ: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര സിനിമ “ബാജിറാവു മസ്താനി”ക്കെതിരെ ഹിന്ദു ജനജാഗ്രതി സമിതി. സിനിമ “പെഷവ” ചരിത്രത്തെ തെറ്റായി ചിത്രീകരിച്ചു എന്നാരോപിച്ച് കൊണ്ടാണ് സംഘടന രംഗത്ത് വന്നിരിക്കുന്നത്. സിനിമയില്‍ ബാജിറാവുവിന്റെ ഭാര്യമാരായ കാശിഭായിയും മസ്താനിയും ഒന്നിച്ച് നൃത്തം ചെയ്യുന്നുണ്ടെന്നും എന്നാല്‍ പെഷവ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ഇത്തരമൊരു ആചാരം ഇല്ലായിരുന്നുവെന്നും ജനജാഗ്രതി സമിതി ദേശീയ വക്താവ് രമേഷ് ഷിന്‍ഡെ ആരോപിച്ചു.
എ.ഡി 1720 മുതല്‍ 1740 വരെ മഹാരാഷ്ട്ര ഭരിച്ച രാജാവാണ് ബജ്‌റാവോ പെഷ്‌വ ഒന്നാമന്‍.
ബാജിറാവു മസ്താനിക്കെതിരെ ആരോപണവുമായി ബജ്‌റാവോ പെഷ്‌വയുടെ പിന്തുടര്‍ച്ചക്കാരനായ പ്രസദ്രാവോ പെഷ്‌വയും നേരത്തെ രംഗത്തെത്തിയിരുന്നു. ബജ്‌റാവോ പെഷ്‌വ ഒന്നാമനേയും പത്‌നിമാരായ കാശിഭായിയേും മസ്താനിയേയും വളച്ചൊടിച്ചാണ് അവതരിപ്പിച്ചതെന്നാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അദ്ദേഹം കത്തെഴുതിയിരുന്നു. സിനിമയിലെ പിങ്ക നൃത്തം മറാത്തി സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇത് ഐറ്റം ഡാന്‍സായി ചിത്രീകരിച്ചെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.
ബോളിവുഡ് താരം സണ്ണിലിയോണിനെ നാടു കടത്തണമെന്നാവശ്യപ്പെട്ട സംഘടനയാണ് ഹിന്ദു ജനജാഗ്രതി സമിതി.