ആഗ്ര: പ്രണയദിനത്തിൽ പാർക്കിലെത്തിയ കമിതാക്കളെ ഓടിച്ചുവിട്ട് അഖില ഭാരതീയ ഹിന്ദു മഹാ സഭ പ്രവർത്തകർ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. വാലന്റൈൻസ് ദിനം ഹിന്ദു മതത്തിലില്ലെന്നും, ഫെബ്രുവരി 14 പുൽവാമ അനുസ്മരണ ദിനമാണെന്നും പറഞ്ഞായിരുന്നു പാർക്കിലെത്തിയ കമിതാക്കൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ടത്.
വടികളുമായി ഒരു കൂട്ടം പുരുഷന്മാർ ആഗ്രയിലെ സുഭാഷ് പാർക്കിലെത്തുകയും വാലന്റൈൻസ് ദിനം ആഘോഷിക്കരുതെന്ന് പറഞ്ഞ് ആക്രമണം നടത്തുകയുമായിരുന്നു. ഇത്തരം ‘അശ്ലീലത’ പൊതുസ്ഥലങ്ങളിൽ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
‘വാലന്റൈൻസ് ദിനം പാശ്ചാത്യ സംസ്കാരത്തിന്റെ സമ്മാനമാണ്. ഒരു സാഹചര്യത്തിലും ഇത് തുടരാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ പ്രണയത്തിന് എതിരല്ല. എന്നാൽ പ്രണയത്തിന്റെ പേരിൽ അശ്ലീലം പ്രചരിപ്പിക്കുന്നതിന് എതിരാണ്. ഹിന്ദുമതത്തിൽ ഇതേക്കുറിച്ച് പരാമർശമില്ല. ഇത് കാൻസറിനേക്കാൾ അപകടകരമാണ്. പുൽവാമയിൽ രക്തസാക്ഷിത്വം വരിച്ച സൈനികരെ അനുസ്മരിച്ച് ഈ ദിവസം കരിദിനമായി ആഘോഷിക്കുന്നു’, എന്നായിരുന്നു അവരുടെ പ്രതികരണം.
പാശ്ചാത്യ രാജ്യങ്ങളുടെ സംസ്കാരമാണ് വാലന്റൈൻസ് ഡേ എന്നും അതിന് ഇന്ത്യയിൽ ഒരു സ്ഥാനവും നൽകില്ലെന്നും അഖില ഭാരതീയ ഹിന്ദു മഹാ സഭ പറഞ്ഞു.
വാലന്റൈൻ ദിനത്തിൽ എത്തുന്ന കമിതാക്കളെ കണ്ടെത്താൻ 12 സംഘങ്ങളായി തിരിഞ്ഞ് നഗരത്തിൽ മുഴുവനും ബജ്‌റംഗ് ദൾ പ്രവർത്തകർ പരിശോധന നടത്തി. തൊട്ടടുത്ത ജില്ലകളിലായി 20 ടീമുകളേയും അവർ വിന്യസിച്ചു. വാലന്റൈൻസ് ദിനം കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്നായിരുന്നു അവരുടെ വാദം.
സുഭാഷ് പാർക്കിലെത്തിയ ഹിന്ദു മഹാ സഭാംഗങ്ങൾ പ്രതിഷേധാത്മകമായി കോലം കത്തിക്കുകയും ചെയ്തു.
സമാനമായ സംഭവം ഉത്തർപ്രദേശിലെ മൊറാദാബാദിലും ഉണ്ടായി. അവിടെ ബജ്‌റംഗ് ദളിന്റേയും ഭാരതീയ സൂഫി ഫൗണ്ടേഷന്റേയും പ്രവർത്തകരാണ് വാലന്റൈൻസ് ദിനം ആചരിക്കുന്നവർക്കെതിരെ രംഗത്തെത്തിയത്.
Content Highlight: Hindu Organisations Protest Against Valentines’ Day in Agra, Call It ‘western Imposition’