| Saturday, 1st January 2022, 9:49 am

കാളിചരണ്‍ മഹാരാജിന് ഐക്യദാര്‍ഢ്യവുമായി വെള്ളിയാഴ്ച നമസ്‌കാരം തടഞ്ഞ ഹിന്ദുത്വ പ്രവര്‍ത്തകര്‍; ഉയര്‍ത്തിയത് 'നാഥുറാം ഗോഡ്‌സെ ജി അമര്‍ രഹെ' മുദ്രാവാക്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാത്മാഗാന്ധിയെ അപമാനിച്ചും ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്തിയും സംസാരിച്ചതിന് അറസ്റ്റിലായ കാളിചരണ്‍ മഹാരാജിന് ഐക്യദാര്‍ഢ്യവുമായി ഗുരുഗ്രാമിലെ ഹിന്ദുത്വ പ്രവര്‍ത്തകര്‍.

ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്‌ലിങ്ങളുടെ വെള്ളിയാഴ്ച നമസ്‌കാരം തടയാറുള്ള ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ് കാളിചരണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയത്. ‘ഗോഡ്‌സെ ജി നീണാല്‍ വാഴട്ടെ’ എന്ന മുദ്രാവാക്യങ്ങളുമായായിരുന്നു പ്രകടനം.

‘ദേശ് കി ഗദ്ദാറോം കോ’, ഗോലി മാറോ സാലോം കോ’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രകടനം. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ദല്‍ഹി കലാപ സമയത്ത് നടത്തിയ വിവാദ മുദ്രാവാക്യങ്ങളായിരുന്നു ഇത്.

‘നാഥുറാം ഗോഡ്‌സെ ജി അമര്‍ രഹെ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഹരിയാന പൊലീസിന്റെ അകമ്പടിയോടെയായിരുന്നു പ്രകടനം. കാളിചരണെ വിട്ടയക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

ആവശ്യമുന്നയിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഇവര്‍ നിവേദനമയച്ചിട്ടുമുണ്ട്.

ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന സന്യാസി സമ്മേളനത്തില്‍ വെച്ചായിരുന്നു മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്ത്തി ഹിന്ദുത്വ സംഘടനാ നേതാവ് കാളിചരണ്‍ മഹാരാജ് സംസാരിച്ചത്.

ഗാന്ധിയെ കൊന്നതുകൊണ്ട് നാഥുറാം ഗോഡ്സെയെ താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നായിരുന്നു അയാള്‍ പറഞ്ഞത്. രാഷ്ട്രീയത്തിലൂടെ രാജ്യം പിടിച്ചെടുക്കുകയാണ് മുസ്‌ലിങ്ങളുടെ ലക്ഷ്യമെന്നും ഇയാള്‍ വിദ്വേഷ പരമാര്‍ശം നടത്തിയിരുന്നു.

അറസ്റ്റിലായ കാളിചരണെ റായ്പൂരിലെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ജനുവരി 13 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മധ്യപ്രദേശില്‍ നിന്നായിരുന്നു ഇയാളെ റായ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം ദല്‍ഹിയിലും ഹരിദ്വാറിലുമായി മുസ്‌ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൈന്യത്തിലെ അഞ്ച് മുന്‍ സ്റ്റാഫ് തലവന്മാര്‍ ചേര്‍ന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിട്ടുണ്ട്.

ഹരിദ്വാറില്‍ നടന്ന മതപരിപാടിയിലായിരുന്നു മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയത്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെങ്കില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ പോരാടുകയും അവരെ കൊല്ലുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നുള്‍പ്പെടെ ഹിന്ദു യുവവാഹിനി സംഘടനയുടെ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു.

ഡിസംബര്‍ 17 മുതല്‍ 20വരെ ഹരിദ്വാറില്‍ നടന്ന ഒരു പരിപാടിലായിരുന്നു ആഹ്വാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hindu Organisations in Gurugram protest in support of Kalicharan Maharaj

We use cookies to give you the best possible experience. Learn more