കണ്ണൂര്‍: നാല്‍പത്തൊന്ന് ദിവസം വ്രതമെടുത്ത് ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികയെ വീട്ടില്‍ കയറി അക്രമിക്കാന്‍ ശ്രമം. മുപ്പതോളം ആളുകളാണ് വീട്ടില്‍ കയറി യുവതിയെ അക്രമിക്കാന്‍ ശ്രമിച്ചത്.
അയ്യപ്പഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ച അവര്‍ മദ്യലഹരിയിലായിരുന്നു. തീവ്ര ഹൈന്ദവ വികാരം ഉയര്‍ത്തുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടിലേക്ക് കയറിവന്ന ആളുകള്‍ രേഷ്മയെ അസഭ്യം പറയുകയായിരുന്നു. എട്ട് ദിവസമായി മാലയിട്ടിരിക്കുകയാണ് രേഷ്മ. നേരത്തെ വ്രതമെടുത്ത് ശബരിമലക്ക് പോകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് രേഷ്മ തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരുന്നു.
യാത്രയില്‍ താന്‍ ഒറ്റയ്ക്കായിരിക്കില്ലെന്നും . എന്നെപ്പോലെ ആഗ്രഹമുള്ള വിശ്വാസികള്‍ കൂടി എനിക്കൊപ്പമുണ്ടാകും. ഇപ്പോള്‍ ഞാന്‍ മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. ഇനിയും കൂടുതല്‍ വിശ്വാസികള്‍ എനിക്കൊപ്പം മലകയറാന്‍ ഉണ്ടാകുമെന്നും രേഷ്മ പറഞ്ഞിരുന്നു.
41 ദിവസം വ്രതമെടുത്ത് തനിക്ക് അയ്യപ്പനെക്കാണണമെന്നും അതൊരു വിപ്ലവത്തിന്റെ ഭാഗമല്ലെന്നുംപറഞ്ഞു കൊണ്ടായിരുന്നു രേഷ്മ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അയ്യപ്പനെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഇതിനു തയ്യാറാവുന്നത്. വര്‍ഷങ്ങളായി താന്‍ മണ്ഡലകാലത്ത് വ്രതമനുഷ്ഠിക്കാറുണ്ട്. പലരും കരുതിയ പോലെ ആര്‍ത്തവം അശുദ്ധമാണെന്ന് ഞാനും മുന്‍പ് കരുതിയിരുന്നു.ആ സമയത്ത് ഞാന്‍ വ്രതമനുഷ്ഠിക്കാതെ അത് കഴിഞ്ഞുള്ള ദിവസങ്ങളില്‍ വ്രതം തുടരുമായിരുന്നുവെന്ന് രേഷ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പോകാന്‍ സാധിക്കില്ലെങ്കിലും ആഗ്രഹത്തോടെയാണ് വ്രതമനുഷ്ഠിക്കാറുള്ളത്. കോടതിവിധി അനുകൂലമായ സ്ഥിതിക്ക് ഇത്തവണ തനിക്ക് മലക്ക് പോകണമെന്നാണ് ആഗ്രഹം യാത്രയില്‍ താന്‍ ഒറ്റയ്ക്കായിരിക്കില്ല . എന്നെപ്പോലെ ആഗ്രഹമുള്ള വിശ്വാസികള്‍ കൂടി എനിക്കൊപ്പമുണ്ടാകും. ഇപ്പോള്‍ ഞാന്‍ മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്. ഇനിയും കൂടുതല്‍ വിശ്വാസികള്‍ എനിക്കൊപ്പം മലകയറാന്‍ ഉണ്ടാകുമെന്നും രേഷ്മ പറഞ്ഞു.
മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്, ഇരുമുടികെട്ടു നിറച്ച് മലകയറണമെന്നാണ് തന്റെ ആഗ്രഹം. അതിന് സര്‍ക്കാരും പൊതുസമൂഹവും സഹായിക്കണമെന്നാണ് രേഷ്മ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തനിക്ക് വിശ്വാസമുള്ളതുകൊണ്ടാണ് ഇത്തവണ പോകാന്‍ തയ്യാറാവുന്നതെന്നും രേഷ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞു. അതൊരിക്കലും സമൂഹത്തില്‍ ഒരു പ്രശ്‌നമുണ്ടാക്കാനല്ല തന്റെ വിശ്വാസം കൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാവും എന്ന് തന്നെ കരുതുന്നു എന്ന് രേഷ്മ പറയുന്നു. ആര്‍ത്തവത്തെ താന്‍ ഇപ്പോള്‍ അശുദ്ധിയായിട്ട് കാണുന്നില്ല. വിയര്‍പ്പും വിസര്‍ജ്യവും പോലെയാണ് ആര്‍ത്തവവും. ശരീരത്തിന് ആവശ്യമില്ലാത്തത് പുറന്തള്ളുന്നത് അശുദ്ധമല്ല, അതുകൊണ്ട് തനിക്ക് പൂര്‍ണ പരിശുദ്ധിയോടെ വ്രതമനുഷ്ഠികാന്‍ പറ്റുമെന്നും രേഷ്മ പറയുന്നു.
രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്
വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്,
പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ.
പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്.
വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.
മുഴുവൻ ആചാര വിധികളോടും കൂടി തന്നെ,
മാലയിട്ട്,
41 ദിവസം വ്രതം അനുഷ്ഠിച്ച്,
മത്സ്യ മാംസാദികൾ വെടിഞ്ഞ്,
ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്,
അയ്യപ്പനെ ധ്യാനിച്ച്,
ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്,
ഇരുമുടികെട്ടു നിറച്ച്…
ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ,
വിയർപ്പുപോലെ,
മലമൂത്ര വിസർജ്യം പോലെ
ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..
വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല.
തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.
Doolnews video