| Wednesday, 19th September 2018, 10:47 am

'മതത്തെ രക്ഷിച്ച അവനെ ഞങ്ങള്‍ സംരക്ഷിക്കുന്നു'; ശംഭുലാലിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനെ ന്യായീകരിച്ച് നവനിര്‍മാണ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ ചുട്ടുകൊന്ന ശംഭുലാല്‍ റെഗാറിന് സ്ഥാനാര്‍ത്ഥ്വം നല്‍കിയതിനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് നവനിര്‍മാണ സേന മേധാവി അമിത് ജനി. മതത്തെ രക്ഷിച്ച ഒരാളെ രക്ഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് അദ്ദേഹം പറയുന്നത്.

“വരുന്ന തെരഞ്ഞെടുപ്പില്‍ ശംഭുലാല്‍ റെഗാറിന് ബി.ജെ.പി സീറ്റു നല്‍കണമെന്ന് രാജസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഭാരത് മാതാ കി ജയ് വിളിക്കാന്‍ മടിക്കുന്ന യൂനസ് ഖാനെപ്പോലുള്ള ആളുകളെയാണ് വസുന്ധരാ രാജെ സര്‍ക്കാറിന് ഇഷ്ടം.” യു.പി നവനിര്‍മാണ്‍ സേന നേതാവ് അമിത് ജനി പറയുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ഞങ്ങളുടെ ഓഫര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഞങ്ങള്‍ റെഗാറിനെ സമീപിച്ചിരുനെന്നും അദ്ദേഹം അത് സ്വീകരിച്ചിട്ടുണ്ടെന്നും ജനി അവകാശപ്പെട്ടു.

രാജസ്ഥാനില്‍ നിന്നും റെഗാറിനെ മത്സരിപ്പിക്കാനുളള ചിലവ് താങ്ങാനാവില്ലെന്നതു കൊണ്ടാണ് ആഗ്രയില്‍ അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തതെന്നും ജനി പറയുന്നു.

Also Read:ജെ.എന്‍.യുവില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; ഹോസ്റ്റലില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്

റെഗാറിനെതിരായ കുറ്റകൃത്യങ്ങള്‍ ഇനിയും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല. അത് തെളിയിക്കപ്പെട്ടിരുന്നെങ്കില്‍ സീറ്റ് ഓഫര്‍ ചെയ്യില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

റെഗാര്‍ ജയിലിലായതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യയും സഹോദരനും തെരഞ്ഞെടുപ്പു പ്രചരണം നടത്തുമെന്നും ജനി പറഞ്ഞു. റെഗാര്‍ നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചയുടന്‍ പ്രചരണം ആരംഭിക്കും. കുടുംബത്തിന് ഇവിടെ താമസിച്ചുകൊണ്ട് തെരഞ്ഞെടുപ്പു പ്രചരണം നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ഇവര്‍ പറഞ്ഞു.

ശംഭുലാലിനെ ആഗ്രയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ച കാര്യം കഴിഞ്ഞദിവസമാണ് നവനിര്‍മ്മാണ്‍ സേന പ്രഖ്യാപിച്ചത്. ജോധ്പൂരിലെ ജയിലിനുള്ളില്‍ വെച്ച് തന്നെ അദ്ദേഹം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നാണ് അവര്‍ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജസ്ഥാനില്‍ അഫ്രാസുല്‍ ഖാന്‍ എന്നയാളെ ശംഭുലാല്‍ കൊലപ്പെടുത്തിയത്. യുവാവിനെ മഴു ഉപയോഗിച്ച് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

Latest Stories

We use cookies to give you the best possible experience. Learn more