| Sunday, 13th February 2022, 11:01 am

രാജ്യത്തെ തകര്‍ക്കുന്ന മോദിയുടെ ഹിന്ദുത്വ ഫാസിസത്തെ ചെറുത്ത് തോല്‍പിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാധിക്കും: അരുന്ധതി റോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണെന്ന് സാഹിത്യകാരി അരുന്ധതി റോയ്. ഹിന്ദുത്വ ദേശിയവാദത്തിന് ഇന്ത്യയെ തകര്‍ക്കാന്‍ കഴിയുമെന്നും, എന്നാല്‍ മോദിയുടെ ഫാസിസത്തെ ചെറുത്ത് തോല്‍പിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാധിക്കുമെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന അരാജകത്വത്തിനും അപസ്വരങ്ങള്‍ക്കുമിടയില്‍ ഇന്ത്യയുടെ പോക്ക് എങ്ങോട്ട് എന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ചോദ്യത്തിന് മറുപടിയായാണ് അരുന്ധതി റോയ് ഇക്കാറ്യം പറയുന്നത്.

ദേശീയ മാധ്യമമായ ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.

തനിക്ക് ഇന്ത്യയിലെ ജനങ്ങളില്‍ വളരെയധികം വിശ്വാസമുണ്ടെന്നും, ഇപ്പോഴുള്ള ഇരുണ്ട കാലഘട്ടത്തില്‍ നിന്നും രാജ്യവും ജനങ്ങളും വൈകാതെ തന്നെ പുറത്തെത്തുമെന്ന് താന്‍ കരുതുന്നുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു.

ഇന്ത്യയുടെ നിലവിലെ അവസ്ഥയെ ചൂണ്ടിക്കാട്ടി അര്‍ത്ഥഗര്‍ഭമായ ചില ചോദ്യങ്ങളും അരുന്ധതി റോയ് ചോദിക്കുന്നുണ്ട്.

‘നമ്മളെന്താണ് ജനാധിപത്യത്തോട് ചെയ്തുകൊണ്ടിരിക്കുന്നത്? ജനാധിപത്യത്തെ നമ്മളിപ്പോള്‍ എന്താക്കി മാറ്റിയിരിക്കുകയാണ്? എന്താണ് ഇവിടെ സംഭവിക്കുന്നത്? ജനാധിപത്യം പൊള്ളയായി മാറിയാല്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത്? ജനാധിപത്യത്തിന്റെ എല്ലാ സ്ഥാപനങ്ങളും അപകടകരമായ അവസ്ഥയിലേക്ക് പോയാല്‍ എന്ത് സംഭവിക്കും?’ അരുന്ധതി റോയ് ചോദിക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിനുള്ളില്‍ ഇന്ത്യ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ രാഷ്ട്രമായി സ്വയം വിശേഷിപ്പിക്കപ്പെട്ടുവെന്നും അക്രമികളായ ഹിന്ദുക്കള്‍ മുസ്‌ലിങ്ങളെയും ദളിതരെയും പരസ്യമായി അടിച്ചു കൊന്ന് അതിന്റെ വീഡിയോകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയാണെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ക്കുന്നു.

ഫാസിസം നമ്മുടെ മുഖത്തേക്ക് ഉറ്റു നോക്കിയിട്ടും നമ്മള്‍ അതിനെ ഫാസിസം എന്ന് വിളിക്കാന്‍ മടി കാണിക്കുകയാണെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.

Content Highlight:  ‘Hindu Nationalism Could Break India Up but People Will Resist Modi’s Fascism’: Arundhati Roy

We use cookies to give you the best possible experience. Learn more