ഗുജറാത്തില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷം; 40 പേര്‍ അറസ്റ്റില്‍
national news
ഗുജറാത്തില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷം; 40 പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th October 2022, 4:21 pm

വഡോദര: നവമി പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ വഡോദരയില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്നു, നേരത്തെ രാമനവമി ആഘോഷങ്ങള്‍ക്കിടയിലും പ്രദേശത്ത് വര്‍?ഗീയ സംഘര്‍ഷം നടന്നിരുന്നു. 40 പേരെയാണ് വഡോദരയിലെ സാവ്ലി പട്ടണത്തിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മുസ്‌ലിം ആഘോഷത്തിന്റെ ഭാഗമായി റോഡിലെ ഇലക്ട്രിക് പോസ്റ്റില്‍ കൊടി കെട്ടിയത് ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. മുസ്‌ലിങ്ങള്‍ കൊടി കെട്ടിയ ഇലക്ട്രിക് പോസ്റ്റിനടുത്ത് ക്ഷേത്രമുണ്ടെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഇതാണ് പിന്നീട് ഹിന്ദു-മുസ്‌ലിം സംഘര്‍ഷമായി മാറിയത്.

ചേരിതിരിഞ്ഞുള്ള കല്ലേറില്‍ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി പൊലിസ് പറയുന്നു. 43 പേര്‍ക്കെതിരെയാണ് ഇതുവരെ വിഷയത്തില്‍ കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ക്കും കേസെടുത്തതായി സാവ്‌ലി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

ഒരു സമുദായത്തില്‍ നിന്നുള്ള 25 പേരെയും മറ്റൊരു സമുദായത്തില്‍ നിന്ന് 15 പേരെയും അറസ്റ്റ് ചെയ്തതായി വഡോദര ജില്ലാ പൊലീസ് മേധാവി പി.ആര്‍. പട്ടേല്‍ അറിയിച്ചു. ഏത് സമുദായത്തില്‍ നിന്നാണ് കൂടുതല്‍ അറസ്റ്റുണ്ടായതെന്നത് സംബന്ധിച്ച വ്യക്തത വരുത്തിയിട്ടില്ല. സംഘര്‍ഷ മേഖലയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇത്തരത്തില്‍ കലാപങ്ങള്‍ വ്യാപകമാകുന്നത്.

Content Highlight: Hindu muslim riot in gujarat, 40 arrested so far