ഭോപ്പാല്‍: മുസ്‌ലിം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹത്തിന് മുസ്‌ലിം വ്യക്തി നിയമപ്രകാരം സാധുതയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. 1954ലെ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം മിശ്രവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജിയും കോടതി തള്ളി.
ജസ്റ്റിസ് ഗുര്‍പാല്‍ സിങ് അലുവാലിയ ആണ് ഹരജി തള്ളിയത്. വിവാഹം കഴിഞ്ഞാല്‍ മുസ്‌ലിം വ്യക്തി നിയമപ്രകാരം അത് ക്രമരഹിതമായി കണക്കാക്കപ്പെടുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
‘മുഹമ്മദന്‍ നിയമപ്രകാരം വിഗ്രഹാരാധന നടത്തുന്ന ഒരു പെണ്‍കുട്ടിയെ മുസ്‌ലിം യുവാവ് വിവാഹം ചെയ്താല്‍ അത് സാധുതയുള്ള വിവാഹമല്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്താലും അത് ക്രമരഹിതമായി നടന്ന വിവാഹമായി കണക്കാക്കപ്പെടും,’ കോടതി ഉത്തരവില്‍ പറഞ്ഞു.
ഹരജിക്കാരുടെ ആവശ്യങ്ങളെല്ലാം കോടതി തള്ളിക്കളയുകയും ചെയ്തു. വിവാഹത്തിന് പെണ്‍കുട്ടിയുടെ കുടുംബം എതിരാണെന്നും കോടതിയില്‍ അറിയിച്ചു.
സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാനാണ് ഇവര്‍ ആഗ്രഹിച്ചതെന്നും വിവാഹത്തിന് വേണ്ടി മതം മാറാന്‍ പെണ്‍കുട്ടി ആഗ്രഹിക്കുന്നില്ലെന്നും ഇരുവരുടെയും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസ് സംരക്ഷണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.
Content Highlight: Hindu-Muslim marriage under Special Marriage Act not valid under Muslim law: Court