മധുര: തിരുപ്പറൻ കുന്നിൻ പ്രദേശത്ത് വർഗീയ സങ്കർഷം ഉണ്ടാക്കാനുള്ള ഹിന്ദുമുന്നണിയുടെ ശ്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി സി.പി.ഐ.എം.
രാഷ്ട്രീയ നേട്ടങ്ങൾക്കായി സമാധാനവും മതസൗഹാർദവും തകർക്കുക എന്ന ലക്ഷ്യത്തോടെ തിരുപ്പറൻ കുന്നും മുരുകൻ ക്ഷേത്രവും സംരക്ഷിക്കുന്നതിൻ്റെ മറവിൽ ബി.ജെ.പിയും ഹിന്ദു മുന്നണിയും വ്യാജ പ്രചരണം നടത്തുന്നതിനെ ശക്തമായി അപലപിച്ച് സി.പി.ഐ.എം മുന്നോട്ടെത്തിയിട്ടുണ്ട്. തിരുപ്പരൻകുൻട്രം അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് വർഗീയ ശക്തികൾ ബോധപൂർവം ഭീഷണി സൃഷ്ടിക്കുകയാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം ആരോപിച്ചു.
അതേസമയം തിരുപ്പറൻ കുന്നിൻ പ്രദേശത്തെ പ്രശ്‌നത്തിൽ, കുന്നിൻ പ്രദേശത്തിന് സമീപത്തുനിന്ന് മാറി പഴങ്കനാഥം ജംഗ്ഷനിൽ സമാധാനപരമായ പ്രതിഷേധം നടത്താൻ ഹിന്ദു മുന്നണിക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ചൊവ്വാഴ്ച അനുമതി നൽകി. നിരോധനാജ്ഞയും ഈ വിഷയത്തിൽ ഹിന്ദു മുന്നണിക്ക് പ്രതിഷേധം നടത്താൻ അനുമതി നിഷേധിച്ചതും ചോദ്യം ചെയ്തുള്ള മൂന്ന് പൊതുതാത്പര്യ ഹരജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ബെഞ്ചിന്റെ ഉത്തരവ്.
വിശദമായ വാദം കേട്ടതിനു ശേഷം പൊലീസും ഹരജിക്കാരും തമ്മിൽ പ്രതിഷേധത്തിന്റെ സ്ഥലവും സമയവും സംബന്ധിച്ച് സമവായത്തിലെത്തിയതിനെത്തുടർന്ന് ജസ്റ്റിസുമാരായ ജി. ജയചന്ദ്രനും ആർ. പൂർണിമയും ഉൾപ്പെട്ട ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
പൊതുജനങ്ങളെ ശല്യപ്പെടുത്താതെ സമാധാനപരമായ രീതിയിൽ പ്രതിഷേധം നടത്തണം എന്നതുൾപ്പെടെ ചില നിബന്ധനകൾ ജഡ്ജിമാർ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രകോപനപരമോ ആക്ഷേപകരമോ ആയ മുദ്രാവാക്യങ്ങൾ ഉയർത്തരുതെന്നും ഒരു മെഗാഫോൺ മാത്രമേ ഉപയോഗിക്കാവൂ എന്നും പ്രതിഷേധത്തിന്റെ വീഡിയോയിൽ ചിത്രീകരിക്കുന്നതിൽ നിന്ന് പൊലീസിനെ തടയരുതെന്നും ഉത്തരവിൽ പറയുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ, മൂന്ന് ഹരജിക്കാരും അതിന് ഉത്തരവാദികളായിരിക്കുമെന്ന് കോടതി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഹിന്ദു ധർമ പരിഷത്തിലെ അഭിഭാഷകരായ പി. സുന്ദരവടിവേൽ, എം. മുരുകൻ, കെ. കെ. രമേശ് എന്നിവരാണ് ഹരജികൾ സമർപ്പിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 163 (മുമ്പ് സെക്ഷൻ 144 സി.ആർ.പി.സി) പ്രകാരമുള്ള കളക്ടറുടെ നിരോധന ഉത്തരവിനെയും തുടർന്ന് പൊതുജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് സിറ്റി പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിനെയും സുന്ദരവടിവേൽ, മുരുകൻ എന്നിവർ ചോദ്യം ചെയ്തു. അതേസമയം കെ.കെ രമേശിന്റെ ഹരജിയിൽ തിരുപ്പരൻകുൻട്രം കുന്ന് മുഴുവൻ പുരാവസ്തു സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.
നേരത്തെ, തിരുപ്പറൻകുൻട്രത്തേക്ക് പോകാൻ ശ്രമിച്ച നൂറുകണക്കിന് ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഹരജിക്കാർ ആരോപിച്ചു. തിരുപ്പറൻകുൻട്രത്തേക്ക് ബസ് ടിക്കറ്റ് എടുത്തവരെപ്പോലും കസ്റ്റഡിയിലെടുത്തതായി അവർ അവകാശപ്പെടുകയും അവരെ വിട്ടയക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, സർക്കാർ അഭിഭാഷകർ ഈ ആരോപണം നിഷേധിച്ചു. സർക്കാർ സ്വീകരിച്ച നടപടികളെല്ലാം ‘മറ്റൊരു ബാബറി മസ്ജിദ്’ ഉണ്ടാകുന്നത് തടയാൻ മാത്രമാണെന്ന് അവർ അവകാശപ്പെട്ടു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ നിന്ന് അനുമതി ലഭിച്ചതിനെത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം മധുര നഗരത്തിലെ പഴങ്ങാനത്ത് ബി.ജെ.പി, ഹിന്ദു മുന്നണി, മറ്റ് ഹിന്ദു സംഘടനകൾ എന്നിവയിൽ നിന്നുള്ള 2,000-ലധികം ആളുകളെ ഉൾപ്പെടുത്തി പ്രകടനം നടത്തി. പ്രതിഷേധക്കാർ മുരുകനെ സ്തുതിച്ചും ഡി.എം.കെ ഹിന്ദു വിരുദ്ധമാണെന്ന് വിമർശിച്ചും മുദ്രാവാക്യങ്ങൾ ഉയർത്തി.
മധുരയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന തിരുപ്പറൻകുൻട്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, സിക്കന്ദർ ദർഗ, എന്നിവയ്ക്ക് പേരുകേട്ടതാണ്. മുരുക ക്ഷേത്രത്തിനടുത്തുള്ള കുന്നിൻ മുകളിൽ മുസ്‌ലിങ്ങൾ മൃഗബലി നടത്തിയതായി ഹിന്ദു മുന്നണി ആരോപിക്കുകയും ചില ആളുകൾ നോൺ-വെജ് ഭക്ഷണം കഴിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തതോടെയാണ് അവിടെ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
Content Highlight: Hindu Munnani’s attempt to spread communalism in Thiruparankuntram Hill; In protest, C.P.I.M