| Friday, 23rd September 2016, 9:06 pm

ഹിന്ദു മുന്നണി നേതാവിന്റെ കൊലപാതകം; കോയമ്പത്തൂരില്‍ പരക്കെ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരേ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നു പൊലിസ് ലാത്തി വീശി. നിരവധി പേര്‍ക്കു പരുക്കേറ്റു. പൊലിസിനു നേരേയും കല്ലേറുണ്ടായി.


കോയമ്പത്തൂര്‍: ഹിന്ദു മുന്നണി നേതാവ് ശശികുമാറിനെ(45) വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വി.എച്ച്.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നഗരത്തില്‍ പരക്കെ അക്രമം.

വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരേ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്നു പൊലിസ് ലാത്തി വീശി. നിരവധി പേര്‍ക്കു പരുക്കേറ്റു. പൊലിസിനു നേരേയും കല്ലേറുണ്ടായി. കടങ്ങളും സ്ഥാപനങ്ങളും അടച്ചു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

വാഹനങ്ങള്‍ ഒന്നും തന്നെ ഓടുന്നില്ല. സര്‍ക്കാര്‍ ബസുകളും സര്‍വീസ് നടത്തുന്നില്ല. കെ.എസ്.ആര്‍.ടി.സിയും തമിഴ്‌നാട് സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. നഗരത്തോടു ചേര്‍ന്ന ഗ്രാമങ്ങളിലും ഹര്‍ത്താല്‍ പ്രതീതിതന്നെയാണ്. കൊല്ലപ്പെട്ട ശശികുമാറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂരിലും തിരുപ്പൂര്‍ ജില്ലയിലും ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘര്‍ഷ സാധ്യതകളെ തുടര്‍ന്ന് ശക്തമായ സുരക്ഷാ സംവിധാനമാണ് കോയമ്പത്തൂര്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അര്‍ധസൈനിക വിഭാഗത്തെയടക്കം ഇറക്കി കനത്ത സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ നീക്കം.

ഇന്നലെ അര്‍ദ്ധരാത്രിയില്‍ ഗൗണ്ടര്‍ മില്ലിന് സമീപം വെച്ചായിരുന്നു ഹിന്ദു മുന്നണി പി.ആര്‍.ഒ ആയിരുന്ന ശശികുമാറിന് അജ്ഞാതസംഘത്തിന്റെ വെട്ടേറ്റത്. തുടര്‍ന്ന് തൊട്ടടുത്തുള്ള കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

We use cookies to give you the best possible experience. Learn more