| Friday, 6th May 2022, 9:13 am

ഹൈദരാബാദില്‍ മുസ്‌ലിം യുവതിയെ വിവാഹം ചെയ്തതിന് ദളിത്‌ യുവാവിനെ അടിച്ചുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മുസ്‌ലിം യുവതിയെ വിവാഹം ചെയ്‌തെന്നാരോപിച്ച് ഹിന്ദു യുവാവിനെ അടിച്ചുകൊന്നു. യുവതിയുടെ ബന്ധുക്കളാണ് നാഗരാജു എന്നയാളെ അടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാഗരാജുവിനെയും ഭാര്യ അഷ്‌റിന്‍ സുല്‍ത്താനയേയും യുവതിയുടെ ബന്ധുക്കള്‍ തടയുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുവാവിനെ ആളുകള്‍ മര്‍ദിക്കുന്നതും തടയാന്‍ ശ്രമിക്കുന്ന ഭാര്യയെ പിടിച്ചുമാറ്റുന്നതുമാണ് വീഡിയോയിലുള്ളത്. നാഗരാജുവിനെ തലയ്ക്ക് ഇരുമ്പുവടികൊണ്ട് അടിക്കുകയും കുത്തുകയും ചെയ്തിട്ടുണ്ട്. അടിയേറ്റ നാഗരാജു തല്‍ക്ഷണം മരിക്കുകയായിരുന്നു. അടിയേറ്റ് ഇയാളുടെ മുഖം വികൃതമായിട്ടുണ്ട്.

ബുധനാഴ്ച രാത്രി 8.45ഓടെയാണ് സംഭവം നടന്നത്. രണ്ട് പേര്‍ ചേര്‍ന്ന് ഇവരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. ഇയാളെ ആക്രമിക്കുന്നത് കണ്ട ആളുകള്‍ തടിച്ചുകൂടുകയും എന്നാല്‍ ഒരാള്‍ പോലും ഇയാളെ സഹായിക്കാനോ മര്‍ദിക്കുന്നവരെ തടയാനോ മുതിര്‍ന്നില്ലെന്നാണ് വീഡിയോ ഫുട്ടേജില്‍ നിന്നും വ്യക്തമാവുന്നത്. ഇയാളെ മര്‍ദിക്കുന്നത് ആളുകള്‍ ഫോണില്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്.

‘അവര്‍ എന്റെ ഭര്‍ത്താവിനെ തെരുവിലിട്ട് കൊന്നുകളഞ്ഞു. എന്റെ സഹോദരനടക്കം അഞ്ച് പേരാണ് ഞങ്ങളെ ആക്രമിച്ചത്. ആരും തന്നെ ഞങ്ങളെ സഹായിക്കാനുണ്ടായിരുന്നില്ല. ഞാന്‍ എല്ലാവരോടും കരഞ്ഞു പറഞ്ഞിട്ടും ആരും സഹായിച്ചില്ല. എന്റെ കണ്‍മുന്നിലിട്ടാണ് അവര്‍ എന്റെ ഭര്‍ത്താവിനെ കൊന്നുകളഞ്ഞത്.

ഇതിനെ എതിര്‍ത്ത് ഒന്നും ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ ആളുകളെന്തിനാണ് ഓടിക്കൂടിയത്? അവര്‍ നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. അവരുടെ മുന്നിലിട്ടാണ് ഒരാളെ കൊന്നുകളഞ്ഞത്. അവര്‍ക്കത് കാണാനായില്ലേ? അദ്ദേഹത്തെ രക്ഷിക്കാന്‍ ഞാന്‍ ആവുന്നതും പരിശ്രമച്ചു. എന്നാല്‍ അവരെന്നെ തള്ളിമാറ്റി അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു,’ സുല്‍ത്താന പറയുന്നു.

ചെറുപ്പം മുതല്‍ തന്നെ പരസ്പരം പരിചയമുണ്ടായിരുന്ന ഇരുവരും കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. ആര്യ സമാജത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. വിശ്വാസത്തിന് പുറത്തുനിന്നുള്ള ഒരാളെ വിവാഹം കഴിക്കുന്നതില്‍ സുല്‍ത്താനയുടെ കുടുംബത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

വിവാഹത്തിന് പിന്നാലെ കടുത്ത ഭീഷണിയായിരുന്നു നാഗരാജുവിന് സുല്‍ത്താനയുടെ വീട്ടില്‍ നിന്നും നേരിടേണ്ടി വന്നത്.

‘പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നതായി ഞങ്ങള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസിന്റെ അനാസ്ഥ കാരണം എനിക്കെന്റെ സഹോദരനെ നഷ്ടപ്പെട്ടു. അവനായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം,’ കൊല്ലപ്പെട്ട നാഗരാജുവിന്റെ സഹോദരി എ.എന്‍.ഐയോട് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക ബി.ജെ.പി നേതാക്കള്‍ പ്രതിഷേധം നടത്തിയിരുന്നു.

Content highlight:  Hindu Man In Hyderabad Killed After Marrying Muslim

We use cookies to give you the best possible experience. Learn more