| Thursday, 27th February 2020, 2:07 pm

അക്രമികള്‍ തീവെച്ച വീട്ടില്‍ നിന്നും മുസ്‌ലീം കുടുംബത്തെ മുഴുവന്‍ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റു; മരണത്തോട് മല്ലടിച്ച് ഹിന്ദു യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വലിയ രീതിയിലുള്ള വര്‍ഗീയ കലാപത്തിനാണ് കഴിഞ്ഞ കുറച്ച് ദിവസമായി ദേശീയ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. സി.എ.എ അനുകൂലികളും സി.എ.എക്കെതിരെ പ്രതിഷേധിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആരംഭിച്ച സംഘര്‍ഷം വളരെ പെട്ടെന്നാണ് 30 ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ വര്‍ഗീയ സംഘര്‍ഷമായി വഴിമാറിയത്.

മുസ്‌ലീം വിഭാഗക്കാരെ ലക്ഷ്യം വെച്ച് നടത്തിയ അക്രമത്തില്‍ നൂറ് കണക്കിന് കടകളും വീടുകളും വാഹനങ്ങളുമാണ് തീയിട്ട് നശിപ്പിച്ചത്. 200 ലധികം ആളുകളാണ് വിവിധയിടങ്ങളിലായി നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

അക്രമത്തിനിരയായവരെ പിന്തുണച്ച് ജാതിമത ഭേദമന്യേ നിരവധി പേര്‍ രംഗത്തുവന്നു. എല്ലാ സഹായവും ഇവര്‍ക്ക് വാഗ്ദാനം ചെയ്തു.  വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ മുസ്‌ലീം കുടുംബങ്ങള്‍ക്ക് ദല്‍ഹിയിലെ ഗുരുദ്വാരകള്‍ അവരുടെ വാതില്‍ തുറന്നു. അക്രമത്തിനിരയായവരെ രക്ഷിച്ചവരുടെ നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

തന്റെ അയല്‍വാസിയായ ആറംഗ മുസ്‌ലീം കുടുംബത്തെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒരു ഹിന്ദു യുവാവിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്.

അയല്‍വാസിയുടെ വീട് അക്രമികള്‍ തീയിട്ടതുകണ്ടതോടെയാണ് അവിടെയുണ്ടായിരുന്ന ആറ് പേരെ രക്ഷിക്കാനായി പ്രേംകാന്ത് ബാഗേല്‍ എന്ന യുവാവ് എത്തിയത്.

ശിവ് വിഹാറില്‍ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ ഐക്യത്തോടെയാണ് ജീവിക്കുന്നതെങ്കിലും കലാപം മറ്റൊരു രീതിയിലേക്കാണ് തങ്ങളെ കൊണ്ടുപോയതെന്ന് പ്രേംകാന്ത് പറയുന്നു.

അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് മുസ്‌ലീം വീടുകള്‍ക്ക് തീയിടുകയായിരുന്നു. ഇത് കണ്ടയുടനെ തന്നെ വീട്ടിലുണ്ടായിരുന്നവരെ രക്ഷിക്കാനായി വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു പ്രേംകാന്ത്.

സ്വന്തം ജീവന്‍ അപകടത്തിലാവുമെന്ന് ഉറപ്പുണ്ടായിട്ടും അയല്‍വാസികളായ ആറ് പേരുടെ ജീവന്‍ രക്ഷിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്.
വീടിനുള്ളില്‍ കുടുങ്ങിയ തന്റെ സുഹൃത്തിന്റെ പ്രായമായ അമ്മയെ രക്ഷിക്കുന്നതിനിടെയാണ് പ്രേംകാന്തിന് പൊള്ളലേറ്റത്.

എന്നാല്‍ ആറ് പേരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങളൊന്നും ലഭിച്ചില്ല. 70 ശതമാനം പൊള്ളലേറ്റ പ്രേംകാന്തിന് രാത്രി മുഴുവന്‍ അവിടെ കഴിയേണ്ടി വന്നു. രാവിലെ ജി.ടി.ബി ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നല്‍കുകയായിരുന്നു.

സ്വന്തം ജീവനുവേണ്ടി പോരാടുമ്പോഴും, തന്റെ സുഹൃത്തിന്റെ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് ആശുപത്രിയില്‍ വെച്ച് ബാഗേല്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more