| Sunday, 20th September 2020, 4:12 pm

'സൂര്യ തട്ടിപ്പുകാരന്‍, ചെരിപ്പുകൊണ്ട് മുഖത്ത് അടിച്ചാല്‍ ഒരു ലക്ഷം രൂപ'യെന്ന് ഹിന്ദു മക്കള്‍ കക്ഷി നേതാവ്; വിവാദത്തിന് പിന്നാലെ പരാമര്‍ശം തള്ളി പറഞ്ഞ് പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് നടന്‍ സൂര്യയ്‌ക്കെതിരെ പ്രകോപന പരാമര്‍ശവുമായി ഹിന്ദു മക്കള്‍ കക്ഷി നേതാവ്. സൂര്യയും അദ്ദേഹത്തിന്റെ ചാരിറ്റിബള്‍ ട്രസ്റ്റും തട്ടിപ്പുകാരാണെന്നും സൂര്യയുടെ മുഖത്ത് ചെരിപ്പൂരി അടിച്ചാല്‍ ഒരു ലക്ഷം രൂപ പാര്‍ട്ടി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത് നല്‍കുമെന്നുമായിരുന്നു ഹിന്ദു മക്കള്‍ കക്ഷി നേതാവിന്റെ പരാമര്‍ശം.

നീറ്റ് പരീക്ഷയ്‌ക്കെതിരായ സൂര്യയുടെ പരാമര്‍ശമായിരുന്നു ഹിന്ദു മക്കള്‍ കക്ഷിയെ ചൊടിപ്പിച്ചത്. സൂര്യ യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും അഗരം ഫൗണ്ടേഷന്‍ തട്ടിപ്പ് സംഘമാണെന്നും നേതാവ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മൂന്ന് വയസുള്ള കുട്ടിക്ക് മൂന്ന് ഭാഷ പറഞ്ഞുകൊടുക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ പോലും അഞ്ച് വയസുമുതലാണ് കുട്ടികള്‍ വിദ്യഭ്യാസം നല്‍കുന്നത്. കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും കാശ് വാങ്ങിയാണ് നിയമത്തിനെയും കോടതിയെയും സൂര്യ വെല്ലുവിളിക്കുന്നത് എന്നും ഇയാള്‍ മാധ്യമങ്ങളോട് പറയുന്നുണ്ട്. സൂര്യയെ അറസ്റ്റ് ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

തമിഴ്‌നാട്ടില്‍ എവിടെ പോയാലും സൂര്യയുടെ മുഖത്ത് ചെരിപ്പ് കൊണ്ട് അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പാര്‍ട്ടിയുടെ പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത് വഴി നല്‍കുമെന്നും ഹിന്ദു മക്കള്‍ കക്ഷി നേതാവ് പറഞ്ഞു.

എന്നാല്‍ പ്രസ്താവന വിവാദമായതോടെ ഹിന്ദു മക്കള്‍ കക്ഷി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്ത് പരാമര്‍ശത്തെ തള്ളി പറഞ്ഞു. നീറ്റ് പരീക്ഷയ്ക്ക് എതിരായ സൂര്യയുടെ പരാമര്‍ശം അറിവില്ലാത്തത് കൊണ്ടാണെന്നും മനുസ്മൃതിയും നീറ്റും തമ്മില്‍ എന്താണ് ബന്ധമെന്നും അര്‍ജുന്‍ ചോദിച്ചു. താനോ പാര്‍ട്ടിയോ സൂര്യയെ അടിക്കാനോ അടിക്കുന്നവര്‍ക്ക് കാശ് നല്‍കുമെന്നോ പറഞ്ഞിട്ടില്ലെന്നും അര്‍ജുന്‍ പറഞ്ഞു.

ദ്രാവിഡ കഴകം പാര്‍ട്ടിയുടെയും കമ്മ്യൂണിസ്റ്റുകാരുടെയും പ്രചാരണത്തില്‍ സൂര്യ വീണു പോകുകയാണെന്നും അവരുടെ പ്രചാരണ ആയുധമാകരുതെന്നും ഇത് സൂര്യയെയും അദ്ദേഹത്തിന്റെ അച്ഛന്‍ ശിവകുമാറിനെയും നേരിട്ട് ബോധ്യപ്പെടുത്തുമെന്നും അര്‍ജുന്‍ പറഞ്ഞു.

നേരത്തെ നീറ്റിന് എതിരായ സൂര്യയുടെ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം കോടതിക്ക് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ നീറ്റ് വിഷയത്തിലെ പരാമര്‍ശത്തില്‍ നടന്‍ സൂര്യയ്ക്കെതരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി അതേസമയം, സൂര്യയുടെ പരാമര്‍ശം അനാവശ്യവും അനുചിതവുമാണെന്നും കോടതി പറഞ്ഞു.

നടനെതിരെ നടപടി പാടില്ലെന്നാവശ്യപ്പെട്ട് ആറ് ജഡ്ജിമാരും മദ്രാസ് ഹൈക്കോടതിക്ക് കത്തയച്ചിരുന്നു. നേരത്തെ സ്വന്തം ജീവനില്‍ ഭയപ്പെടുന്നതുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നീതി നടപ്പാക്കുന്ന കോടതികള്‍ വിദ്യാര്‍ത്ഥികളോട് ഭയമില്ലാതെ നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയാണെന്ന് സൂര്യ പറഞ്ഞിരുന്നു.

കൊവിഡ് വ്യാപനത്തിനിടെ നടന്ന നീറ്റ് പരീക്ഷയെഴുതാനാകാത്തതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ നാല് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് പരീക്ഷാ നടത്തിപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് സൂര്യ രംഗത്തെത്തിയത്

സൂര്യയുടെ ഈ പ്രസ്താവന കോടതിയലക്ഷ്യമാണെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസ് എ.പി സാഹിക്ക് അയച്ച കത്തില്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Hihlights: Hindu Makkal party leader says ‘Surya is a traitor, Rs 1 lakh for those who hit him in the face’

Latest Stories

We use cookies to give you the best possible experience. Learn more