മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി. കൊല്ലപ്പെട്ടതിന്റെ ഏഴുപതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ പേര് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് വെല്ലുവിളിയാണ്. ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയ്ക്കായുള്ള സംഘപരിവാര്‍ ശ്രമങ്ങളില്‍ അവര്‍ക്ക് ആദ്യ തടസ്സമായുണ്ടായിരുന്നത് മഹാത്മാഗാന്ധിയായിരുന്നു.
തീവ്ര ഹിംസകളിലൂടെ ഭൂരിപക്ഷത്തിന് അധികാരമുള്ള ഒരു ഫാസിസ്റ്റ് രാഷ്ട്രം സ്ഥാപിക്കാന്‍ കലാപങ്ങളും കൊലപാതകങ്ങളും രാഷ്ട്രീയവഴിയായി തിരഞ്ഞെടുത്ത ഈ ഭീകരവാദികള്‍ ഇന്ത്യന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നടപ്പാക്കിയ ആദ്യ ഇടപെടല്‍ ഗാന്ധി വധമായിരുന്നു.
രാഷ്ട്രീയ തിരിച്ചടികളെ ഭയന്ന് ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയ്ക്ക് തങ്ങളുമായി ബന്ധമില്ലെന്ന പരസ്യ നിലപാടായിരുന്നു സംഘപരിവാര്‍ ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ പലയിടങ്ങളിലും അധികാരം കയ്യിലെത്തിയതോടെ അവര്‍ തങ്ങളുടെ തനിനിറം പുറത്തെടുത്തു. ഗോഡ്സെയെ അവര്‍ വീരപുരുഷനായി വാഴ്ത്തി. ഗോഡ്സെ പ്രവര്‍ത്തിച്ചിരുന്ന സംഘടനയായ ഹിന്ദുമഹാസഭയ്ക്ക് ഇത് കൂടുതല്‍ ഊര്‍ജ്ജം നല്‍കി. രാജ്യത്തിന്റെ പലയിടങ്ങളില്‍ ഗോഡ്സെ സ്മാരകങ്ങളുടെ നിര്‍മാണങ്ങള്‍ക്ക് ഇത് തുടക്കം കുറിച്ചു. 2016ല്‍ യു.പി യിലെ മീററ്റില്‍ ഇന്ത്യയിലെ ആദ്യ ഗോഡ്സെ പ്രതിമയുടെ അനാച്ഛാദനം നടന്നു.
Also Read ഹിന്ദുക്കളുടെ വികാരം മാനിക്കാതെയാണ് ശബരിമല വിധി പുറപ്പെടുവിച്ചത്; സുപ്രീംകോടതിക്കെതിരെ ആര്‍.എസ്.എസ്
രാജ്യസ്നേഹത്തിന്റെയും ദേശീയതയുടെയും കുത്തകാവകാശവാദികള്‍ രാഷ്ട്രപിതാവിന്റെ ഘാതകന് സ്മരണയൊരുക്കുന്ന വിചിത്രമായ കാഴ്ച്ച. 2015 ല്‍ ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ സിദ്ധൗളി പാരാ ഗ്രാമത്തില്‍ ഗോഡ്സെയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ഹിന്ദുമഹാസഭ പ്രവര്‍ത്തനമാരംഭിച്ചു. 2017 നവംബറില്‍ മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലും ഇവര്‍ ഗോഡ്സെ പ്രതിമ നിര്‍മ്മാണത്തിന് തുടക്കമിട്ടു. ഇതിനിടയില്‍ മീററ്റ് നഗരത്തിന് ഗോഡ്സെയുടെ പേര് നല്‍കണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ പരസ്യമായി രംഗത്ത് വന്നു. 2018 ല്‍ ബനാറസ് ഹിന്ദു യൂണിവേവിസിറ്റിയിലെ സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥികളുടെ ഒരു സംഘം ഗോഡ്സെയെ വീരപുരുഷനായി അവതരിപ്പിക്കുന്ന നാടകം അവതരിപ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ മനസ്സാക്ഷിയെ ലജ്ജിപ്പിക്കുന്ന ഇത്തരം അനേകം സംഭവങ്ങളുടെ തുടര്‍ച്ചകള്‍ക്കൊടുവിലാണ് ഇക്കഴിഞ്ഞ ദിവസം 2019 ജനുവരി 30 ന് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധിയുടെ ചിത്രത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്തതും ഗാന്ധിയുടെ കോലത്തില്‍ നിന്ന് ചോര ഒഴുക്കിയതും.
Also Read ശബരിമല വിഷയം അയോധ്യയിലേതിന് സമാനം: വി.എച്ച്.പി
ഹിന്ദു മഹാസഭ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥൂറാം ഗോഡ്‌സെയുടെ പ്രതിമയില്‍ അവര്‍ ഹാരാര്‍പ്പണവും നടത്തി. ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ സ്വന്തം കൈകൊണ്ട് വെടിവെച്ചു കൊല്ലുമായിരുന്നെന്ന് പറയാനും പൂജ ശകുന്‍ പാണ്ഡെക്ക് മടിച്ചില്ല. രാജ്യത്ത് ഇനി ആരെങ്കിലും മഹാത്മാഗാന്ധിയെ പോലെ ആവാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ താന്‍ വെടിവെച്ചു കൊല്ലുമെന്നും പൂജ പാണ്ഡെ പറഞ്ഞിരുന്നു. ദേശീയ ഗാനത്തിന്റെ സമയത്ത് തിയ്യേറ്ററില്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്ത, പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ആഴ്ച്ചകളോളം ജയിലിലടച്ച ഒരു ഭരണകൂടം ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല എന്നത് അങ്ങേയറ്റം ഖേദകരമാണ്.
പൂജ ശകുന്‍ പാണ്ഡെയടക്കം പതിമൂന്ന് പേര്‍ക്കെതിരെ കേസെടുക്കുക മാത്രമാണ് പൊലീസ് ചെയതത്.
മുമ്പും ഗാന്ധി രക്തസാക്ഷിത്വ ദിനം മധുരം നല്‍കിയും ഡ്രെം അടിച്ചും നൃത്തം ചെയ്തും ഹിന്ദു മഹാ സഭാ ആഘോഷിച്ചിട്ടുണ്ട്. 1948 ജനുവരി 30ന് ദല്‍ഹിയിലെ ബിര്‍ള മന്ദിരത്തിലെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ മഹാത്മ ഗാന്ധിയെ ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം ഗോദ്സെ വെടിവെച്ച് കൊലപ്പെടുത്തിയത്. 1949 നവംബര്‍ 15ന് വിചാരണക്ക് ശേഷം ഗോദ്സെയെ തൂക്കിലേറ്റി.
Also Read തല ചായ്ക്കാന്‍ ഇടമില്ലാത്തതു കൊണ്ട് ആനക്കാട്ടില്‍ ജീവിക്കുന്ന വയനാട്ടിലെ ആദിവാസികള്‍
മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുതെന്നും വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ഗാന്ധിജിയെ ആ പേര് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് കാലങ്ങളായി ഹിന്ദുത്വ ശക്തികള്‍ ആവശ്യപ്പെടുന്നത്.
അത് തന്നെയാണ് അവരുടെ പ്രശ്നം ഗാന്ധിയെ അവര്‍ വെടിവെച്ച് കൊന്നെങ്കിലും ഗാന്ധിയന്‍ ആശയങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അവരുടെ ആഗ്രഹം പോലെ ഒരു ഹിന്ദുത്വ റിപ്പബ്ലിക്ക് സ്ഥാപിക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
രാഷ്ട്രപിതാവിനെ വധിച്ചവരെ പൂവിട്ട് പൂജിക്കുകയും രാഷ്ട്ര പിതാവിനെ വീണ്ടും വിണ്ടും വധിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കാലമിത്രയായിട്ടും നടപടിയെടുക്കാന്‍ ഭരണകൂടത്തിന് ആയിട്ടില്ല.
രാഷ്ട്രപിതാവ് ജനിച്ച നാട്ടില്‍ നിന്നായിട്ടു കൂടി അദ്ദേഹത്തിന്റെ പേര തെറ്റാതെ ഉച്ചരിക്കാന്‍ കഴിയാത്ത ഒരു പ്രധാനമന്ത്രിയുള്ളപ്പോള്‍ അധികമെന്നും പ്രതീക്ഷിക്കേണ്ട. ഇപ്പോള്‍ 13 പേര്‍ക്കെതിരെ കേസെടുത്തത് എന്താകുമെന്ന് കണ്ട് തന്നെയറിയണം