| Monday, 11th January 2021, 10:25 am

ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്‌സെയുടെ പേരില്‍ ലൈബ്രറി തുടങ്ങി ഹിന്ദു മഹാസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന ഹിന്ദുത്വ തീവ്രവാദി നഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ലൈബ്രറി തുടങ്ങി ഹിന്ദു മഹാസഭ. ഗോഡ്‌സെ ജ്ഞാന്‍ ശാല എന്ന് പേരിട്ടിരിക്കുന്ന ഒരു ലൈബ്രറി ഹിന്ദുമഹാസഭയുടെ ഓഫീസില്‍ തന്നെയാണ് ആരംഭിച്ചിരിക്കുന്നത്.
അതിന് പുറമേയാണ് പുതിയ ലൈബ്രറിയും നിര്‍മ്മിക്കുന്നത്.

ഗാന്ധി വധത്തിലേക്ക് ഗോഡ്‌സെയെ ‘നയിച്ച’ കാരണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ഉള്‍പ്പെട്ട കൃതികളാണ് ലൈബ്രറിയിലുള്ളത്. ഗോഡ്‌സെയെ രാജ്യസ്‌നേഹിയായാണ് ചിത്രീകരിച്ചിട്ടുള്ളത്.

‘ഗോഡ്‌സെയായിരുന്നു യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി നിര്‍മ്മിച്ചത്. ഗോഡ്‌സെ നിലകൊണ്ടതും മരിച്ചതും ഇന്ത്യാ വിഭജനത്തിനെതിരായി നിന്നത് കൊണ്ടാണ്’, ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു.

രാജ്യം ഭരിക്കാനുള്ള ആഗ്രഹം നിറവേറ്റാന്‍ വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും മുഹമ്മദലി ജിന്നയുടേയും ആവശ്യപ്രകാരമാണ് ഇന്ത്യാ വിഭജനമുണ്ടായതെന്നും ഭരദ്വാജ് പറഞ്ഞു.

ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്ഗേവാര്‍, മദന്‍ മോഹന്‍ മാളവ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ട്. ഗാന്ധി ഘാതകനായ നാരായണ്‍ ആപ്തെയുടെ ചിത്രവും ഗോഡ്സെയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായനശാലയില്‍ പുസ്തകങ്ങളുടെ അനാവരണം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23ന് നടക്കും.

നേരത്തെ ഗോഡ്‌സെയുടെ പേരില്‍ ഹിന്ദു മഹാസഭ ക്ഷേത്രവും നിര്‍മ്മിച്ചിരുന്നു. 1948 ജനുവരി 30 നാണ് ഗോഡ്‌സെ, ഗാന്ധിയെ വെടിവെച്ചുകൊല്ലുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hindu Mahasabha opens Godse library

We use cookies to give you the best possible experience. Learn more