| Thursday, 2nd May 2019, 1:16 pm

തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണം, വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടണം; സുപ്രീം കോടതിയില്‍ രാഹുലിനെതിരെ ഹിന്ദുമഹാസഭയുടെ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ഹിന്ദു മഹാസഭയും യുണൈറ്റഡ് ഹിന്ദു ഫ്രണ്ടുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

ബ്രിട്ടീഷ് പൗരത്വം ഉള്ളതിനാല്‍ രാഹുലിനെ മല്‍സരിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ഗാന്ധിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചു.

ബ്രിട്ടീഷ് പൗരത്വ വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം നോട്ടിസ് അയച്ചിരുന്നു. രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കാന്‍ രാഹുലിനോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നോട്ടിസ്. ബി.ജെ.പിയുടെ രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നാണ് കമ്പനി രേഖകളിലുള്ളതെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇത്തരമൊരു നോട്ടിസ് അയച്ചത് രാഷ്ട്രീയപ്രേരിതമായാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. തൊഴിലില്ലായ്മ, കര്‍ഷകരുടെ ദുരിതം തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് പൗരത്വ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തരമന്ത്രാലയം നേട്ടിസ് അയച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രാഹുല്‍ ഇന്ത്യക്കാരാനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.

We use cookies to give you the best possible experience. Learn more