| Saturday, 8th April 2023, 2:12 pm

പശുവിനെ കൊന്ന് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍; കുറ്റം മുസ്‌ലിങ്ങള്‍ക്ക് മേല്‍ ചുമത്താന്‍ നീക്കം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പശുവിനെ കൊന്നതിനു ശേഷം ആ കുറ്റം മുസ്‌ലിങ്ങള്‍ക്ക് മേല്‍ കെട്ടിവെക്കാന്‍ ആള്‍ ഇന്ത്യ ഹിന്ദുമഹാസഭ നേതാവ് ശ്രമിച്ചതായി റിപ്പോര്‍ട്ട്. രാമനവമി ആഘോഷങ്ങളുടെ സമയത്ത് പശുവിനെ കൊന്നതിന് പിന്നില്‍ സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

ഹിന്ദുമഹാസഭ വക്താവ് സഞ്ജയ് ജത് ആണ് സംഭവത്തിന്റെ പ്രധാന സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ദി ടെലഗ്രാഫ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘സഞ്ജയ് ജത് ആണ് ഇതിന്റെ പ്രധാന സൂത്രധാരന്‍. ഇയാളുടെ അനുയായികളും സുഹൃത്തുക്കളും ചേര്‍ന്ന് മാര്‍ച്ച് 29നാണ് മെഹ്താബ് ബാഗ് മേഖലയില്‍ ഒരു പശുവിനെ കൊന്നത്. പിന്നീട് തങ്ങളുടെ സംഘടനയിലെ അംഗമായ ജിതേന്ദ്ര കുശ്‌വാഹയെക്കൊണ്ട് മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് നാകിം, മുഹമ്മദ് ഷാനു എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുപ്പിക്കുകയായിരുന്നു. ഷാനുവിനെയും നാലാം പ്രതിയെന്ന് സംശയിച്ച് ഇമ്രാന്‍ ഖുറേഷി എന്ന ഒരാളെയും പിറ്റേ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരല്ലെന്ന് തെളിഞ്ഞു. സഞ്ജയ് ജതിന് ഇവരില്‍ ചിലരുമായി വ്യക്തിപരമായ വൈരാഗ്യമുണ്ടെന്ന കാര്യം പിന്നീട് കണ്ടെത്തി. ഇവരെ കേസില്‍ പെടുത്താനായിരുന്നു സഞ്ജയ്‌യുടെ നീക്കം,’ ആഗ്രയിലെ ഛട്ട മേഖല പൊലീസ് അഡീഷണല്‍ കമ്മീഷണറായ ആര്‍. കെ സിങ് പറഞ്ഞു.

പശു കൊല്ലപ്പെട്ട പ്രദേശത്ത് സഞ്ജയ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ഉറപ്പിക്കാന്‍ പൊലീസിനായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുറ്റം ആരോപിക്കപ്പെട്ടവരുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും അവര്‍ അടുത്തിടെയൊന്നും പ്രദേശത്ത് പോയതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റ് ചെയ്ത മുഹമ്മദ് ഷാനുവിനെയും ഇമ്രാന്‍ ഖുറേഷിയെയും ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു.

രാമനവമി ദിനത്തോടനുബന്ധിച്ചുള്ള സമയത്താണ് പശുവിനെ കൊന്നതെന്നും ഇത് സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമമായിരുന്നുവെന്നും പേരു വെളിപ്പെടുത്താത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്ന കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സഞ്ജയ്‌യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കന്നുകാലികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നയാളാണ് സഞ്ജയ് എന്നും പോലീസ് പറഞ്ഞു.

Content Highlights: Hindu Mahasabha leader kills cow; Move to blame Muslims; Report

We use cookies to give you the best possible experience. Learn more